കോഴിക്കോട്: നരേന്ദ്ര മോദി മാർപാപ്പായെ കണ്ടത് ചരിത്രസംഭവമായി വിശേഷിപ്പിക്കേണ്ടതില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സി ടാഗോർ സെന്ററിനറി ഹാളിൽ ജ്യോതി പ്രായാണ സംഗമ സമാപന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നെഹ്റു മുതലുള്ള പ്രധാനമന്ത്രിമാർ മാർപാപ്പാമരെ കണ്ടിട്ടുണ്ട്. മന്ത്രിമാരെല്ലാം സാഹോദര്യം പ്രകടിപ്പിക്കാനാണ് ഈ അവസരം ഉപയോഗപ്പെടുത്തിയതെങ്കിൽ രാഷ്‌ട്രീയ നേട്ടമാണ് മോദിയുടെ ലക്ഷ്യം. വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വോട്ടുനേടാനാണ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്.അതേ സമയം ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്ക് മനംമാറ്റത്തിന് മാർപാപ്പ മോദി സന്ദർശനം ഉപകരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഇന്ദിരാഗാന്ധിയുടെ കാലത്ത് നേടിയ നേട്ടങ്ങളെയെല്ലാം തമസ്കരിച്ച് ഇന്ത്യയെ ബഹുദുരം പുറകോട്ട് നയിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. പാവപ്പെട്ടവന്റെ കീശയിൽ പണമെത്തിക്കാനുള്ള വഴികളാണ് ഇന്ദിരാഗാന്ധിയുടെ നേത്യത്വത്തിൽ നടന്നതെങ്കിൽ പാവപ്പെട്ടവന്റെ കീശയിലെ പണം അടിച്ചു മാറ്റുന്ന പ്രവർത്തനങ്ങളാണ് മോദി ചെയ്യുന്നത് .
കൊവിഡ് പ്രതിരോധ വാക്സിൻ നൽകാനാണ് ഇന്ധന വിലവർധിപ്പിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലാദ്യമായി സൗജന്യമായി വാക്സിൻ നൽകിയത് നെഹ്‌റുവിന്റെ ഭരണകാലത്താണ്. അന്ന് മറ്റൊന്നിനും വിലവർധിപ്പിച്ചായിരുന്നില്ല ഇത് നടപ്പിലാക്കിയത്.വിലക്കയറ്റത്തിനെതിരെ നവംബർ 14 മുതൽ 29 വരെ കോൺഗ്രസ് ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും പാർട്ടി മെമ്പർഷിപ്പുകൾ ഇന്നു മുതൽ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്, എം.കെ രാഘവൻ എം പി, കെ ജയന്ദ്, പി.എം നിയാസ്, എൻ സുബ്രഹ്മണ്യൻ, കെ.സി അബു, കെ എം അഭിജിത്ത്, വിദ്യാബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.