photo
റോഡ് കോൺക്രീറ്റ് ചെയ്തതിനെ തുടർന്ന് പൊതു കിണറിന്റെ ആൾ മറയ്ക്ക് പൊക്കം കുറഞ്ഞ നിലയിൽ

ബാലുശ്ശേരി:അപകടക്കെണിയൊരുക്കി ഒരു പൊതുകിണർ. കിണറിന് സമീപത്തായി വിദ്യാലയം, ബസ് കാത്തിരിപ്പ് കേന്ദ്രം,എന്നാൽ ഇതൊന്നും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.സ്കൂൾ തുറന്നതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ഒരേപോലെ ആശങ്കയിലാണ്.വിദ്യാർത്ഥികൾക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ഈ കിണർ തീരാ തലവേനയായി മാറിയിട്ടുണ്ട്.ബാലുശ്ശേരി ഇയ്യാട് സി.സി.യു.പി.സ്കൂളിനു സമീപമാണ് പൊതു കിണർ സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലിന് പുറത്തായി റോഡരികിലെ പൊതു കിണറിന്റെ ആൾമറയുടെ പൊക്കം കുറഞ്ഞത് രക്ഷിതാക്കളേയും അദ്ധ്യാപകരെയും ഒരുപോലെ ഉറക്കം കെടുത്തുന്നു. നിറയെ വെള്ളമുള്ള കിണറിന്റെ അരികിലൂടെ കിഴക്കുഭാഗത്തേക്ക് കടന്നു പോകുന്ന റോഡ് കോൺക്രീറ്റ് ചെയ്തതോടെ റോഡിന് ഉയരം കൂടിയതു കാരണം പൊതു കിണറിന്റെ ആൾ മറയ്ക്ക് ഉയരമില്ലാതാവുകയുമായിരുന്നു. ഇപ്പോൾ കോൺക്രീറ്റ് റോഡിനോട് ചേർന്നുള്ള ഭാഗത്ത് ഒന്നര അടിയോളം മാത്രമേ പൊക്കമുള്ളൂ.വിദ്യാർത്ഥികൾ ഏറെയും ഈ കിണറിനടുത്ത് കൂടിയാണ് പോവുക. ഇവരെങ്ങാനും അബദ്ധത്തിൽ കിണറിലേക്ക് എത്തി നോക്കിയാൽ ആൾമറയ്ക്ക് പൊക്കമില്ലാത്തതിനാൽ അപകടം ഉറപ്പാണ്. മുതിർന്നവർക്കു പോലും അപകട സാദ്ധ്യത ഏറെയാണിവിടെ. എത്രയും പെട്ടന്ന് കിണറിന്റെ ആൾ മറയ്ക്ക് ഉയരും കൂട്ടി അപകട സാദ്ധ്യത ഒഴിവാക്കണമെന്ന് സ്കൂൾ അധികൃതർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.