കൊട്ടാരക്കര - ദിണ്ടിക്കൽ ദേശീയപാതയിൽ മരുതുംമൂട് അപകടമേഖല

മുണ്ടക്കയം: റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത, സിഗ്നൽ ബോർഡുകളുടെ അഭാവം ഒപ്പം അമിതവേഗതയും... കൊട്ടാരക്കര - ദിണ്ടിക്കൽ ദേശീയപാതയിൽ മരുതുംമൂട് അപകടമേഖലയാകാൻ പിന്നെന്ത് വേണം. വീതി നന്നേ കുറവായ റോഡിന്റെ ഒരു വശത്തേക്ക് ചെരുവ് കൂടിയാകുമ്പോൾ അപകടങ്ങൾ വർദ്ധിക്കുകയാണ്. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ കുത്തിറക്കത്തിൽ സമീപത്തെ റബർ തോട്ടത്തിലേക്ക് മാറുകയാണ് പതിവ്. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയിൽ അപകടത്തിൽപെട്ടത്. വാഹനങ്ങൾ ഇടിച്ച് വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് 12 പേർക്ക് പരിക്കേറ്റിരുന്നു.

എന്ത് മുന്നറിയിപ്പ്!

മരുതുംമൂട് ഭാഗത്ത് സിഗ്നൽ ബോർഡുകളോ അപകടമുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള കൽകെട്ടുകൾ മാത്രമാണ് ഇവിടെ മുന്നറിയിപ്പായുള്ളത്. ഇതാകട്ടെ പയർ വള്ളികൾ കയറി മൂടിയ നിലയിലാണ്. മഴയും മൂടൽമഞ്ഞിമുള്ള സമയങ്ങളിൽ ഈ ഭാഗത്ത് അപകടസാധ്യത ഏറെയാണ്.