കുറിച്ചി: ചാലച്ചിറ അഞ്ചൽകുറ്റി റോഡിൽ ചാലച്ചിറ മുതൽ കോയിപ്പുറംമുക്ക് വരെയുള്ള ഭാഗം താറുമാറായിട്ട് കാലങ്ങളായി. ചെറുതും വലുതുമായ കുഴികൾ റോഡിൽ രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. ചാലച്ചിറ ഭാഗത്ത് നിന്നും ആരംഭിക്കുന്ന റോഡിലൂടെ കാൽനടയാത്രപോലും സാദ്ധ്യമാകാത്ത സ്ഥിതിയാണ്. റോഡിന്റെ ഇരുവശവും ഒരാൾപ്പൊക്കത്തിൽ കാടും വളർന്നു നിൽക്കുന്നു. ഇഴജന്തുക്കളുടെ ആക്രമണ ഭീഷണിയും പ്രദേശവാസികൾക്ക് നേരിടേണ്ടിവരുന്നു. വർഷങ്ങൾക്ക് മുൻപ് റോഡിലെ ഗട്ടറിൽ വീണ ബസ് യാത്രക്കാരുമായി റോഡിന്റെ സമീപത്തെ വീടിന് പുറത്തേക്ക് മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. റോഡ് പി.ഡബ്ല്യൂ.ഡി ഏറ്റെടുക്കണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യവും എങ്ങുമെത്തിയിട്ടില്ല.
മാറി വരുന്ന ഭരണകർത്താക്കൾ യാതൊരു നടപടിയും കൈക്കൊള്ളാതെ മുഖം തിരിക്കുകയാണ്. അടിയന്തരമായി താറുമാറായ റോഡിലെ ചിലച്ചിറ മുതൽ കോയിപ്പുറം വരെയുള്ള താറുമാറായ ഭാഗം യാത്രാ യോഗ്യമാക്കി റീടാർ ചെയ്യണമെന്ന് ബി.ജെ.പി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ മഞ്ജീഷ്, കുറിച്ചി പ്രസിഡന്റ് കെ.കെ ഉദയകുമാർ, വിനീഷ് വിജയനാഥ്, മംഗളാബിക, വിശാഖ് തുടങ്ങിയവർ റോഡിലെ താറുമാറായ പ്രദേശങ്ങൾ സന്ദർശിച്ചു.