പാലാ : 'എന്റെ പൊന്നുമോളുടെ നിലവിളി ഇപ്പോഴും കാതിൽ മുഴങ്ങുകയാണ്. അവളുടെ മരണവെപ്രാളത്തോടെയുള്ള അലർച്ച ഫോണിൽ ഞാൻ വ്യക്തമായി കേട്ടു. ഞാനെങ്ങനെ താങ്ങും...'. പാലാ മരിയൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിഥിനാമോളുടെ മാതാവ് ബിന്ദുവിന്റെ കരച്ചിൽ കണ്ടുനിന്നവരെയും ദുഃഖത്തിലാഴ്ത്തി.
രണ്ട് ദിവസമായി അവൻ എന്റെ മോളുടെ ഫോൺ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ഫോൺ കൊടുക്കണമെന്ന് ഞാൻ അവനെ വിളിച്ചുപറഞ്ഞിരുന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടൻ അവൻ ഫോൺ തന്നതായി മോൾ വിളിച്ചുപറഞ്ഞു. ഫോൺ തന്നെങ്കിലും അവൻ പോകാനനുവദിക്കുന്നില്ലെന്ന് മോൾ പറയുന്നുണ്ടായിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ നിലവിളിയും കേട്ടു. അവന്റെ ആക്രോശവും കേൾക്കാമായിരുന്നു.
ബിന്ദുവിന്റെ ആർത്തനാദത്തിന് മുന്നിൽ ഒരാശ്വാസവാക്കുകൾ പറയാനാവാതെ മന്ത്രി വി.എൻ.വാസവനും പാലാ നഗരസഭാ ചെയർമാൻ ആന്റോജോസും ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മിയും തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ സലിമുമൊക്കെ തരിച്ചുനിന്നു.