മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ പ്രതിഭാപുരസ്‌കാരം നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾക്ക് പ്രത്യേക അവാർഡും നൽകും. പദ്ധതിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ ആസൂത്രണസമിതി അംഗവുമായ കെ. രാജേഷ് അദ്ധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.