murder

പാലാ : '' കരച്ചിൽ കേട്ടാണ് ഞങ്ങൾ ഓടി എത്തിയത്. അവിടത്തെ കാഴ്ച ഭീകരമായിരുന്നു. നിഥിനയുടെ മുഖത്തും മുടിയിലും വസ്ത്രത്തിലുമാകെ ചോര. സമീപത്തും ചോര തളംകെട്ടിക്കിടക്കുന്നു'. കൊലപാതക സ്ഥലത്ത് ആദ്യമെത്തിയ വിദ്യാർത്ഥികളായ ആൽബിനും വിഷ്ണുവിനും സംഭവം വിവരിച്ചു. സ്റ്റാഫ് റൂമിലെ അദ്ധ്യാപകരോട് വിവരമറിയിക്കാൻ ആൽബിൻ ഓടിപ്പോയി. വിഷ്ണു അതുവഴിവന്ന ഒരു വണ്ടി തടഞ്ഞുനിറുത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് വിളിച്ചുപറഞ്ഞു.

എം.എ പൊളിറ്റിക്‌സ് പാസായ ഇരുവരും ടി.സി വാങ്ങാനാണ് കോളേജിലെത്തിയത്. അല്പം താമസമുണ്ടെന്ന് അറിയിച്ചതോടെ കോളേജ് മൈതാനത്തെ ബെഞ്ചിൽ വിശ്രമിക്കാൻ പോയതാണ്. തലകറങ്ങിയോ മറ്റോ പെൺകുട്ടി വീണെന്നാണ് ആദ്യം കരുതിയത്. എന്നതാടാ ഈ ചെയ്യുന്നതെന്ന് ചോദിച്ചെങ്കിലും അവന് യാതൊരു കൂസലുമില്ലായിരുന്നു. പെൺകുട്ടിയുടെ കഴുത്തറക്കുന്നതിനിടെ കത്തി അവന്റെ കൈയിൽ കൊണ്ടായിരിക്കാം മുറിവുണ്ടായതെന്ന് ഇരുവരും പറയുന്നു. പ്രധാന സാക്ഷികളെന്ന നിലയ്ക്ക് ഇവരിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുത്തു.