fire

കോട്ടയം: പ്രണയത്തിന്റെ പേരിൽ ഇന്നലെ പാലായിലെ കാമ്പസിൽ വീണത് ചോരയാണെങ്കിൽ, അഞ്ചു വർഷം മുൻപ് ഗാന്ധിനഗർ എസ്.എം.ഇ കാമ്പസിൽ പടർന്നത് തീയായിരുന്നു. പ്രണയപ്പകയിലെ ഏറ്റവും പുതിയ ഇരയാണ് ഇന്നലെ പാലായിൽ കൊല്ലപ്പെട്ട നിഥിന എന്ന പെൺകുട്ടി.

2017 നായിരുന്നു സംസ്ഥാനത്തെ ആകെ ഞെട്ടിച്ച, കാമ്പസിൽ ആദ്യത്തേത് എന്ന കരുതുന്ന എസ്.എം.ഇയിലെ പ്രണയക്കൊല അരങ്ങേറിയത്. പ്രണയം നിഷേധിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സഹപാഠി കെട്ടിപ്പിടിക്കുകയായിരുന്നു. തീയിൽ രണ്ടു പേരും വെന്തുമരിച്ചു. കൊല്ലം നീണ്ടകര പുത്തൻതുറ എ.എം.സി ജംഗ്ഷനിൽ കൈലാസമംഗലത്ത് (കൊച്ചുകാട്ടിൽ) സുനീതന്റെ മകൻ ആദർശ് (28), ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് കൃഷ്ണകുമാറിന്റെ മകൾ ലക്ഷ്മി (21) എന്നിവരാണ് അന്ന് മരിച്ചത്. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച സഹപാഠികൾക്കും പൊള്ളലേറ്റിരുന്നു.

നാലാംവർഷ ബി.പി.ടി വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. സംഭവ ദിവസം കാമ്പസിലെത്തിയ ആദർശ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്മി ഒഴിഞ്ഞുമാറിപ്പോവുകയായിരുന്നു. തുടർന്ന് സ്വയം ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം ക്‌ളാസ് മുറിയിലെത്തി പെൺകുട്ടിയുടെ ദേഹത്തും പെട്രോൾ ഒഴിച്ചു. . മറ്റ് കുട്ടികളുടെ ദേഹത്തും ക്‌ളാസിലും അങ്ങിങ്ങായി പെട്രോൾ വീണു. ഇതിനിടെ പെൺകുട്ടി ക്‌ളാസിൽ നിന്നിറങ്ങിയോടി ലൈബ്രറിയിൽ എത്തി. പിന്നാലെയെത്തിയ ആദർശ് വലിച്ച് ദേഹത്തോട് ചേർത്തുനിർത്തി തീകൊളുത്തുകയായിരുന്നു. ലക്ഷ്‌മി കോളേജിൽ വച്ചും, ആദർശ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. എസ്.എം.ഇയിൽ ബി.പി.ടി പൂർവ വിദ്യാർത്ഥിയായിരുന്ന ആദർശിന് അന്ന് സപ്‌ളിമെൻ്ററി പരീക്ഷ ഉണ്ടായിരുന്നു. പെൺകുട്ടിയെ ശല്യംചെയ്തതിന് വീട്ടുകാർ നേരത്തെ പരാതി നൽകിയപ്പോൾ ആദർശിനെ വിളിച്ചുവരുത്തി കായംകുളം സി.ഐ താക്കീത് നൽകിയതുമാണ്. ഇതിനു ശേഷമാണ് കൊലപാതകം നടന്നത്.