ചിറക്കടവിൽ പഞ്ചായത്ത് അംഗങ്ങൾ സജീവമല്ലെന്ന് പരാതി

പൊൻകുന്നം:കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കേണ്ട ജനപ്രതിനിധികളെ കാണാനില്ലെന്ന് നാട്ടുകാർ. ചിറക്കടവ് പഞ്ചായത്തിലാണ് ഭരണപ്രതിപക്ഷ ഭേദമില്ലാതെ ആരോപണം ഉയർന്നിരിക്കുന്നത്.തങ്ങൾ തിരഞ്ഞെടുത്തയച്ച ഗ്രാമബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളിൽ ചിലർ മാത്രമാണ് വാർഡുകളിൽ സജീവമായുള്ളത്.പഞ്ചായത്ത് ഓഫീസിൽ ചെന്നാലും മെമ്പർമാരെ കാണാറില്ല.കഴിഞ്ഞ 25 വർഷമായി ഇടതുമുന്നണി ഭരിക്കുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ഇപ്പോഴത്തെ അംഗങ്ങളിൽ ഏറെയും പുതുമുഖങ്ങളാണ്. 20അംഗ സമിതിയിൽ 14 പേരാണ് ഭരണപക്ഷത്ത്. ബി.ജെ.പി 5,കോൺഗ്രസ് 1 എന്നതാണ് കക്ഷിനില.മുൻപഞ്ചായത്ത് കമ്മിറ്റിയിൽ രാഷ്ട്രീയഭിന്നതകൾ എത്രയുണ്ടായാലും ജനസേവനത്തിന്റെ കാര്യത്തിൽ 20 അംഗങ്ങളും ഒറ്റക്കെട്ടായിരുന്നു. മെമ്പമാർ സ്വന്തം വാർഡുകളിൽ സജീവമായിരുന്നു.
എന്നാൽ ഇപ്പോൾ സ്ഥിതി മറിച്ചാണെന്ന് ചിറക്കടവുകാർ ഒരേസ്വരത്തിൽ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ പഞ്ചായത്ത് പൂർണമായും അടച്ചിട്ടപ്പോൾ ആർക്കും സഹായമെത്തിച്ചില്ലെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞവർഷം നടന്ന പൊതിച്ചോർ വിതരണം പോലുള്ള പദ്ധതികൾ ഉണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.