സഹപാഠി അറസ്റ്റിൽ
പാലാ: പരീക്ഷയെഴുതി പുറത്തിറങ്ങിയ പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനിയെ കാമ്പസിൽ കാത്തുനിന്ന സഹപാഠിയും കാമുകനുമായ യുവാവ് പേപ്പർ കട്ടർ കൊണ്ട് കഴുത്തറുത്ത് കൊന്നു. ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്നോളജി അവസാന വർഷ വിദ്യാർത്ഥിനി തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ ബിന്ദുവിന്റെ ഏക മകൾ നിഥിനമോളാണ് (22) അരുംകൊലയ്ക്ക് ഇരയായത്. സംഭവത്തിൽ കൂത്താട്ടുകുളം കോഴിപ്പിള്ളി പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.20നായിരുന്നു ക്രൂരകൃത്യം.
രണ്ട് വർഷമായി പ്രണയത്തിലായിരുന്നെന്നും നിഥിന പിൻമാറിയതാണ് പകയ്ക്ക് കാരണമെന്നും അഭിഷേക് പൊലീസിനോടു പറഞ്ഞു. നിർദ്ധന കുടുംബാംഗമാണ് നിഥിന. അച്ഛൻ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചതോടെ നിഥിനയും ബിന്ദുവും മാത്രമാണ് വീട്ടിൽ. ഹൃദ്റോഗിയായ ബിന്ദുവിന് കുടുംബശ്രീയുടെ പലഹാരം വിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവർ കഴിഞ്ഞു വന്നിരുന്നത്. പഠനച്ചെലവ് കണ്ടെത്താൻ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി നോക്കുകയായിരുന്നു നിഥിന.
ഇരുവീട്ടുകാരും ബന്ധത്തെ എതിർത്തതോടെയാണ് നിഥിന പിൻമാറിയത്. ഇതിൽ പ്രകോപിതനായ അഭിഷേക് ഭിത്തിയിൽ തലയിടിച്ചും കൈ കത്തികൊണ്ട് പോറിയും മുറിവുണ്ടാക്കിയിരുന്നു. രണ്ട് ദിവസം മുൻപ് കാമ്പസിലെത്തിയ നിഥിനയുടെ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നീട് ബിന്ദു അഭിഷേകിനോട് സംസാരിച്ചപ്പോഴാണ് പരീക്ഷയ്ക്കെത്തുമ്പോൾ തിരികെ നൽകാമെന്ന് സമ്മതിച്ചത്.
ഡി.വൈ.എഫ്.ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റാണ് നിഥിന. പഞ്ചഗുസ്തി ചാമ്പന്യാണ് അഭിഷേക്. അച്ഛൻ ബൈജുവും അമ്മ സുതിനയും പഞ്ചഗുസ്തി ദേശിയ ചാമ്പ്യന്മാരാണ്. അനുജത്തിയുണ്ട്.
മരണം കണ്ട് കൂസലില്ലാതെ...
ഇന്നലെ 9.30ന് ആരംഭിച്ച പരീക്ഷ ഒരു മണിക്കൂറിനകം എഴുതിയ അഭിഷേക് പുറത്തിറങ്ങി കാമ്പസിലെ മരത്തണലിൽ കാത്തിരുന്നു. 11.10ന് പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനയ്ക്ക് ഫോൺ തിരികെ നൽകിയെങ്കിലും സംസാരത്തിനിടെ അഭിഷേക് പ്രകോപിതനായി. '' നീ പോയാൽ ഞാൻ ചത്തുകളയുമെന്ന്'' ഭീഷണിപ്പെടുത്തി. ഇതുകാര്യമാക്കാതെ അമ്മയോടു ഫോണിൽ സംസാരിച്ച് നിഥിന മുന്നോട്ടു നീങ്ങുന്നതിനിടെ മുടിക്ക് വലിച്ച് നിലത്തിട്ട ശേഷം പോക്കറ്റിൽ നിന്ന് പേപ്പർ കട്ടറെടുത്ത് കഴുത്തിന്റെ വലത് ഭാഗം അറുത്തു. പിടിവലിക്കിടെ അഭിഷേകിന്റെ കൈത്തണ്ടയും ചെറുതായി മുറിഞ്ഞു.
ചോരയിൽ കുളിച്ച് നിഥിന പിടയുമ്പോൾ അൽപ്പം മാറിയുള്ള കൽക്കെട്ടിൽ കാലിൽമേൽ കാൽകയറ്റി വച്ച് അഭിഷേകിരുന്നു. പെൺകുട്ടി തലകറങ്ങി വീണെന്നുകരുതി ഓടിച്ചെന്ന സീനിയർ വിദ്യാർത്ഥികളായ ആൽബിൻ, വിഷ്ണു എന്നിവരാണ് കഴുത്തറുത്തതായി കണ്ട് കോളേജ് അധികൃതരെ അറിയിക്കുന്നത്. ചോരയിൽ കുളിച്ചുകിടന്ന നിഥിനയെ ജീവനക്കാരായ സജിയും ജയേഷും ചേർന്ന് പാലാ മരിയൻ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവ സ്ഥലത്തുതന്നെ ഇരുന്ന അഭിഷേകിനെ പാലാ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തലയോലപ്പറമ്പിലെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം വൈക്കം ഉദയനാപുരത്തെ ബന്ധുവീട്ടിൽ സംസ്കരിക്കും.
ചക്ക മുറിക്കും പോലെ
'ചക്കമുറിക്കും പോലെ'യാണ് അഭിഷേക് നിഥിനയുടെ കഴുത്ത് മുറിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ കട്ടർ ആഴ്ത്തിയിട്ട് അമർത്തിപ്പിടിച്ച് വലിച്ചു. അന്നനാളവും തലച്ചോറിലേയ്ക്കുള്ള പ്രധാന ഞരമ്പുകളും മുറിഞ്ഞതായി ഇൻക്വസ്റ്റിൽ കണ്ടെത്തി.