cutter

പാലാ : സപ്തതി പിന്നിട്ട പാലാ സെന്റ്‌ തോമസ് കോളേജ് അരുംകൊലയ്ക്ക് വേദിയായത് എല്ലാവർക്കും വേദനയായി. കോളേജിലേക്കുള്ള റോഡരികിൽ മെയിൻ റോഡിൽ നിന്നും 50 മീറ്റർ മാറി മൈതാനത്തിനടുത്ത് വച്ച് നിഥിനമോളെ അഭിഷേക് കഴുത്തറുത്തു താഴെയിട്ടപ്പോൾ ആദ്യം ഓടിയെത്തിയത് കോളേജിൽ ടി.സി വാങ്ങാനെത്തിയ എം.എ വിദ്യാർത്ഥികളായ ആൽബിനും വിഷ്ണുവുമായിരുന്നു. തൊട്ടുപിന്നാലെ സെക്യൂരിറ്റി ജീവനക്കാരനായ ജോസും ഓടിയെത്തി. പ്രിൻസിപ്പൽ ഫാ.ഡോ. ജയിംസ് മംഗലത്തും സഹപ്രവർത്തകരും എത്തിയപ്പോഴേക്കും, അതുവഴിയെത്തിയ കോളേജ് ജീവനക്കാരന്റെ കാർ നിർത്തിച്ച് താഴെ വീണ് പിടയുകയായിരുന്ന നിഥിന മോളെ താങ്ങിയെടുത്ത് തൊട്ടുസമീപത്തുള്ള മരിയൻ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനിടിയിൽ തന്റെ സഹപാഠിയുടെ കഴുത്തറുത്ത് തറയിലിട്ടിട്ടും യാതൊന്നും സംഭവിക്കാത്ത മട്ടിൽ എതിർ വശത്തെ തിട്ടയിൽ ഒരു കൂസലുമില്ലാതെ കയറിയിരിക്കുകയായിരുന്നു അഭിഷേക് . ഇയാളെ വളഞ്ഞു നിന്നു കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും. സംഭവമറിഞ്ഞെത്തിയ പൊലീസ് പിടികൂടും വരെ യാതൊരും ഭാവവ്യത്യാസവും കൂടാതെ അവിടെത്തന്നെയിരുന്നു അയാൾ.

സംഭവം നടക്കുമ്പോൾ കോളേജിൽ ഡിഗ്രി പരീക്ഷ നടക്കുകയായിരുന്നു. 12.30 ഓടെ പരീക്ഷ അവസാനിച്ച് വിദ്യാർത്ഥികൾ പുറത്തിറങ്ങിയതോടെ കണ്ട കാഴ്ച ചുടുരക്തം ഒഴുകിപ്പരന്ന് കിടക്കുന്നതാണ്. കഴുത്തറുത്ത പേപ്പർ കട്ടറും, നിഥിനയുടെ മാസ്‌ക്കും മൊബൈൽഫോണും രക്തത്തിൽ കുളിച്ച് അവിടെ കിടന്നു. ഒരു പെൺകുട്ടി നിഷ്ഠൂരം കൊലചെയ്യപ്പെട്ടത് വിശ്വസിക്കാനാവാതെ സ്ഥലത്തെത്തിയ ഏവരും വിറങ്ങലിച്ചുനിന്നുപോയി. ആർക്കും പരസ്പരം ഒന്നും പറയാനായില്ല.