പാല: അഭിഷേകിന്റെ സംശയമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായതായി പാലാ ഡിവൈ.എസ്.പി ഷാജു ജോസ് പറഞ്ഞു. മറ്റൊരു യുവാവിനൊപ്പം നിൽക്കുന്ന ചിത്രം നിഥിനയുടെ ഫോണിൽ കണ്ടെന്നും ഇതേച്ചൊല്ലി തർക്കമുണ്ടായെന്നും അഭിഷേക് മൊഴി നൽകി. തുടർന്നാണ് നിഥിനയുടെ ഫോൺ തട്ടിപ്പറിച്ചത്. എന്നാൽ ഫോണിന്റെ ലോക്ക് അഴിക്കാൻ കഴിഞ്ഞില്ല. ഫോൺ തിരിച്ച് നൽകിയെങ്കിലും ഫോട്ടോയെ ചൊല്ലിയുള്ള തർക്കം തുടർന്നു. മറുപടി പറയാതെ അമ്മയെ ഫോൺ വിളിച്ച് നിഥിന മുന്നോട്ടു പോയതോടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. നിഥിനയെ ഭയപ്പെടുത്താനാണ് കത്തി കരുതിയതെന്നും കൊല്ലണമെന്നുള്ള ഉദ്ദേശ്യമില്ലായിരുന്നെന്നും അഭിഷേക് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.