pala

പാല: മണിക്കൂറുകൾക്ക് മുൻപ് ഒരേ ഹാളിലിരുന്ന് പരീക്ഷ എഴുതിയ സഹാപാഠികളിൽ ഒരാൾ കൊലയാളിയായി. മറ്റൊരാൾ ഒാർമ്മയായി. നടന്നതൊന്നും വിശ്വസിക്കാനാവാതെ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു സഹപാഠികളും അദ്ധ്യാപകരും.

മൂന്ന് സെമസ്റ്ററോളം ഒരേ ക്ളാസിൽ പഠിച്ചു. പിന്നീടാണ് കൊവിഡിന്റെ പേരിൽ ഓൺലൈൻ ക്ളാസിലേയ്ക്ക് മാറിയത്. കോളേജിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിലെല്ലാം ഇരുവരും സജീവം. അവസാന സെമസ്റ്ററിലെ ആദ്യ പരീക്ഷ എഴുതാൻ ഹാളിൽ ആദ്യമെത്തിയത് അഭിഷേകായിരുന്നെന്ന് സഹപാഠികളായ ടിബിൻ വറുഗീസും ബള്സിൽ ഷാജിയും പറയുന്നു. പതിവ് ചിരിയോടെ പരീക്ഷ എഴുതിയപ്പോഴും സംശയിക്കത്തക്ക സൂചനകളൊന്നും നൽകിയില്ല. ഒമ്പതരയ്ക്ക് ആരംഭിച്ച പരീക്ഷ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ ഇങ്ങനൊരു ക്രൂരകൃത്യം ചെയ്യാനായിരുന്നെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പരീക്ഷാ ഹാളിലുണ്ടായിരുന്ന അദ്ധ്യാപകരായ ലിനിയും അഖിഷയും പറഞ്ഞു. മരവിച്ച മനസോടെ പാലാ മരിയൻ ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ നിൽക്കുമ്പോഴും അഭിഷേകിനെയും നിഥിനയെയും പറ്റിപ്പറയാൻ ഇവർക്ക് നല്ലതു മാത്രം.

കാമ്പസിൽ അധികം തങ്ങാതെ വേഗം വീട്ടിൽപ്പോകുന്ന പ്രകൃതക്കാരനായിരുന്നു അഭിഷേകെന്ന് അദ്ധ്യാപക‌ർ പറയുന്നു. മെറ്റിറ്റിൽ അഡ്മിഷൻ നേടി. എഴുതിയ പരീക്ഷകളെല്ലാം നല്ലമാർക്കോടെ പാസായി. പാഠ്യേതര വിഷയങ്ങളിലും മുന്നിലുണ്ടായിരുന്നു. അമ്മയുടെ ഏക പ്രതീക്ഷയായ നിഥിന പഠന ശേഷം ജോലി തേടുന്നതിനെപ്പറ്റി പലപ്പോഴും പറഞ്ഞിരുന്നെന്ന് സഹപാഠികൾ പറഞ്ഞു.