st-thomas

ശാന്തമായിരുന്ന സെന്റ്‌ തോമസ് കോളേജ് കാമ്പസിനെ നടുക്കിയ സംഭവമായിപ്പോയി . പൈശാചികമായ ഈ അരുംകൊലയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. എന്തുകൊണ്ടാണ് വിദ്യാർത്ഥികളുടെ മനസ് ഇത്തരത്തിൽ കഠിനമാവുന്നത് എന്നത് സംബന്ധിച്ച് സമൂഹം ഇനിയെങ്കിലും ഉണർന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.സ്വാശ്രയ കോഴ്‌സിൽ പഠിക്കുന്ന ഈ രണ്ട് വിദ്യാർത്ഥികളെയും സംബന്ധിച്ച് ഇതേവരെ മോശമായ ഒരു അഭിപ്രായവും കേട്ടിട്ടില്ല.പെട്ടെന്നുണ്ടാവുന്ന പ്രകോപനത്തെ തുടർന്ന് യുവജനത ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നത് .

- ഫാ. ഡോ. ജയിംസ് മംഗലത്ത്,
പ്രിൻസിപ്പൽ, പാലാ സെന്റ്‌ തോമസ് കോളേജ്

....................................

അതിദാരുണം : മാണി സി. കാപ്പൻ

പാലാ: അതിദാരുണവും സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതുമാണ് കോളേജ് കാമ്പസിൽ നടന്ന കൊലപാതകമെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. ഇത്തരം സംഭവങ്ങൾ തുടരുന്നത് ഗൗരവമായി എടുക്കാൻ പൊതുസമൂഹം തയ്യാറാകണം. ഈ രീതിയിലുള്ള ക്രൂരകൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ അടിയന്തരമായി പരിശോധനാ വിധേയമാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

വേദനാജനകം: ജോസ് കെ. മാണി

പാലാ : വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തീർത്തും വേദനാജനകമാണെന്ന്‌ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. നടുക്കത്തോടെയാണ് ഈ വാർത്ത കേട്ടത്. കലാലയത്തിൽ പകയുടെ ചോരപ്പുഴയൊഴുക്കുന്നത് സാക്ഷര കേരളത്തിന് തീരാക്കളങ്കമാണ്. ഇത്തരത്തിലുളള സംഭവങ്ങൾ ആവർക്കാതിരിക്കാൻ നിയമനടപടിക്കു പുറമേ സമൂഹ ജാഗ്രതയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.