വൈക്കം : നിഥിനയുടെ അകാല വിയോഗത്തോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണ്. ജീവതഭാരം താങ്ങാനാവാതെ കഷ്ടപ്പെടുമ്പോഴും മകളെ പഠിപ്പിച്ച് ഒരുനിലയിലാക്കാൻ രാപ്പകൽ അദ്ധ്വാനിച്ച അമ്മ ഇനി തനിച്ചാണ്. കൊവിഡിനെ തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആക്കിയതിനാൽ നിഥിന വരുമാനത്തിനായി വൈക്കത്തെ ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു.
തുറവേലിക്കുന്ന് സ്വദേശി ബിന്ദു തലയോലപ്പറമ്പ് കുറുന്തറ ഭാഗത്ത് നാലു സെന്റ് സ്ഥലം വാങ്ങി ചെറിയ ഷെഡ് നിർമ്മിച്ചാണ് മകൾക്കൊപ്പം കഴിഞ്ഞത്. പ്രളയത്തിൽ ഷെഡ് നിലംപൊത്തിയതോടെ ചേർത്തുപിടിക്കാൻ സുമനസുകളെത്തി. ജോയ് ആലുക്കാസ് മുൻകൈയെടുത്ത് ഇവർക്ക് വീടുവച്ചുനൽകി. ഭർത്താവ് ഉപേക്ഷിച്ച് മറ്റൊരു ജീവിതം തേടിപ്പോയതോടെ കുഞ്ഞുകൂരയിൽ അമ്മയും മകളും സന്തോഷവും സങ്കടവും പങ്കിട്ട് കഴിഞ്ഞു. ഇതിനിടെയാണ് ബിന്ദുവിന്റെ ഹൃദയത്തിന് തകരാർ തുടങ്ങിയത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് പലഹാരമുണ്ടാക്കി വിറ്റ് ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ആശ്രയം.
ബിന്ദുവിന്റെ ജീവിത ദുരിതമറിയാവുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു ഡോക്ടർ ഇടപ്പെട്ട് ആശുപത്രിയിൽ താത്ക്കാലിക ജോലിക്ക് ശ്രമിച്ചിരുന്നു. ഇന്നലെ ഇതിന്റെ ഇന്റർവ്യുവിനായി രാവിലെ ഏഴോടെ ഇരുവരും ഒരുമിച്ചാണ് സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയത്.
ഏറെ പ്രിയപ്പെട്ടവൾ
പഠനത്തിൽ മികവ് പുലർത്തിയിരുന്ന നിഥിനമോൾ സമീപവാസികൾക്കും പ്രിയപ്പെട്ടവളായിരുന്നു. എപ്പോഴും ചിരിച്ച കുട്ടിത്തം നിറഞ്ഞ മുഖവുമായി കാണാറുള്ള പ്രകൃതമായിരുന്നു നിഥിനയുടേത്. അപ്രതീക്ഷിത വിയോഗ വാർത്ത ഇതുവരെ ഉൾക്കൊള്ളാൻ തലയോലപ്പറമ്പ് ഗ്രാമത്തിന് ആയിട്ടില്ല. നിരവധിപ്പേരാണ് ആശ്വാസവാക്കുകളുമായി നിഥിനമോളുടെ കൊച്ചുകൂരയിലേക്ക് എത്തുന്നത്.