പൊൻകുന്നം: പുനലൂർ-പൊൻകുന്നം ഹൈവേയിലെ കൊടുംവളവുകളിലൊന്നായ തെക്കേത്തുകവല വളവ് കുറയ്ക്കാൻ നടപടിയായി. പ്രദേശവാസിയായ കല്ലോലിക്കൽ സുകുമാരൻ നായർ വളവിലെ തന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകാൻ തയാറായതോടെയാണ് നടപടികൾ വേഗത്തിലായത്.
ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി തെക്കേത്തുകവല യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. ഒരു മീറ്റർ വീതിയിൽ 7 മീറ്റർ നീളത്തിൽ വളവിലെ സ്ഥലമാണ് നൽകിയത്. നിലവിൽ വളവിലുള്ള ഓട ഒരു മീറ്റർ ഉള്ളിലേക്കു മാറ്റി സ്ഥാപിക്കും. അടുത്താഴ്ച നിർമ്മാണം തുടങ്ങും.
ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി തെക്കേത്തുകവല യൂണിറ്റ് പ്രതിനിധികൾ, കെ.എസ്.ടി.പി അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലാണു സ്ഥലം ഏറ്റെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സുമേഷ് ആൻഡ്രൂസ്, വ്യാപാരി വ്യവസായി ഏകോപന സമിതി തെക്കേത്തുകവല യൂണിറ്റ് പ്രസിഡന്റ് ഇ.ആർ.ഗോപാലകൃഷ്ണപണിക്കർ സെക്രട്ടറി പി.ബിജു, ട്രഷറർ സാബു വി.നായർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു