nidhina

വൈക്കം : കൊവിഡ് കാലത്തും പ്രളയകാലത്തുമുൾപ്പെടെ ഉദയനാപുരത്തെ ജനങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾ നാട്ടുകാരെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങിയ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകയായിരുന്നു നിഥിന. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്കാവശ്യമായ സ്മാർട്ട്‌ഫോണുകൾ കണ്ടെത്തുന്നതിനായി നാട്ടിലെ മുഴുവൻ വീടുകളിൽ നിന്ന് പ്രവർത്തകരെയും കൂട്ടി ആക്രി സാധനങ്ങൾ ശേഖരിക്കാനും മുൻപന്തിയിൽ നിന്നത് നിഥിനയാണ്. നാട്ടിൽ പ്രായമായവർക്ക് വാക്‌സിൻ രജിസ്റ്റർ ചെയ്ത് നൽകുന്നതിനും മരുന്നുകൾ എത്തിക്കുന്നതിനും മുന്നിലുണ്ടായിരുന്നു. തന്റെ ജീവിത സാഹചര്യങ്ങൾ കാരണം തലയോലപ്പറമ്പ് കോരിക്കലിലേക്ക് താമസം മാറുമ്പോഴും ഉദയനാപുരം തുറുവേലിക്കുന്നിൽ തന്റെ ബന്ധുക്കൾക്കൊപ്പം വന്നുനിന്നുകൊണ്ടാണ് സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നത്.