കത്തിന് ഇന്ന് നൂറ് വയസ്
പൊൻകുന്നം: മുണ്ടക്കയത്തെ പ്രശസ്തമായ പുത്തൻപുരയ്ക്കൽ കെ.ജി ഗുരുപ്രസാദിന്റെ തറവാട്ട് വീട്ടിലെ പൂജാമുറിയിലെ അണയാത്ത വിളക്കിന്റെ പൊൻവെളിച്ചത്തിൽ തെളിയുന്ന വടിവൊത്ത അക്ഷരങ്ങൾക്ക് ഇന്ന് നൂറുവയസ്. നൈഷ്ഠികമായ ആരാധനയിൽ ജീവൻതുടിക്കുന്ന പ്രതിഷ്ഠപോലെ തിളങ്ങുന്ന അക്ഷരങ്ങൾ.അത് ശ്രീനാരായണഗുരുദേവന്റെ കൈപ്പടയിലുള്ള ഒരു കത്താണെന്നറിയുമ്പോൾ ആരും ശിരസുനമിച്ചു പ്രാർത്ഥിക്കും.1921 ഒക്ടോബർ 4ന് ശ്രീനാരായണ ഗുരുദേവൻ ചങ്ങനാശേരി നഗരസഭയിലെ ഒരാവശ്യത്തിന് എഴുതിയ കത്താണിത്. കത്തിൽ ഇങ്ങനെ പറയുന്നു.'ചങ്ങനാശേരി മഞ്ചാടിക്കര വാഴപ്പള്ളി കിഴക്കുംമുറിയിൽ കുന്നുംപുറത്ത് ജി.കൃഷ്ണൻ വൈദ്യൻ ഈഴവ പ്രാതിനിധ്യം വഹിക്കുന്നതിലേക്ക് യോഗ്യനായ ഒരു ഈഴവനാണ്, ഇതിന് സ്ഥലവാസികളായ ഈഴവ പ്രമാണികളാരും വിസമ്മതിക്കുകയില്ലെന്ന് നാം ദൃഢമായി വിശ്വസിക്കുന്നു'
അദ്വൈതാശ്രമം, ആലുവ, നാരായണഗുരു.
ഗുരുദേവന്റെ ഈ കത്ത് ഇപ്പോഴുള്ളത് ഡോ.ഗിരിജാ പ്രസാദിന്റെ കൈവശമാണ്.കൃഷ്ണൻവൈദ്യരുടെ തായ് വഴിയിലുള്ള ഇപ്പോഴത്തെ തലമുറയിലെ സാമൂഹ്യസാംസ്‌കാരിക പ്രവർത്തകയും അദ്ധ്യാപികയുമായ ഡോ.ഗിരിജാപ്രസാദിനും ഭർത്താവ് ഗുരുപ്രസാദിനും കുടുംബത്തിനും കത്ത് ഹൃദയശ്രീകോവിലിലെ പ്രതിഷ്ഠയാണ്.
കത്ത് എഴുതാനുണ്ടായ സാഹചര്യം ഇങ്ങനെ, അന്നത്തെ ജാതിവ്യവസ്ഥയിൽ മനംനൊന്തു പിച്ചനാട്ടു കുറുപ്പൻമാരിൽ ഒരാളായ കൃഷ്ണൻ വൈദ്യൻ ക്രിസ്തുമതം സ്വീകരിക്കാൻ ആലോചിച്ചു. തന്റെ സുഹൃത്തായ മൂലൂർ പത്മനാഭപ്പണിക്കരോട് അദ്ദേഹം ഇക്കാര്യം സംസാരിച്ചു. അപ്പോൾ മൂലൂർ ചോദിച്ചു തനിക്ക് ഈഴവ സമുദായത്തിൽ ചേരാമോ? മൂലൂർ ശ്രീനാരായണ ഗുരുദേവനോട് വിഷയം അവതരിപ്പിച്ചു. അങ്ങനെ 1094 ഇടവം 23ാം തീയതി ഗുരുദേവൻ കൃഷ്ണൻ വൈദ്യരെയും അദ്ദേഹത്തിന്റെ ആൾക്കാരെയും ആളയച്ചുവരുത്തി കവിയൂർ ക്ഷേത്രത്തിലെ വടക്ക് താമസിച്ചിരുന്ന കോട്ടൂർ കൊച്ചിക്കാച്ചന്നാരുടെ വീട്ടിൽ യോഗം കൂടി. യോഗാവസാനം കൃഷ്ണൻവൈദ്യരേ അടുക്കൽ വിളിച്ച് അദ്ദേഹം പറഞ്ഞു. ഇന്ന് മുതൽ നിങ്ങളിലെ കുറുപ്പ് എന്ന വ്യക്തി പോയിരിക്കുന്നു, എന്നിട്ട് അവിടെ കൂടിയ ആളുകളോട് ഇങ്ങനെ പറഞ്ഞു. ഇവരും നിങ്ങളും മേലാൽ സജ്ജനങ്ങളായിരുന്നു കൊള്ളണം. ഈ കൃഷ്ണൻ പരിശുദ്ധനായ അതായത് ചെത്താത്ത ഈഴവനാണ്. അവിടെ ചാന്നാർ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയിൽ ജി.കൃഷ്ണൻ വൈദ്യനെയും മറ്റു കുറുപ്പൻമാരെയും ഇരുത്തി പന്തിഭോജനവും നടത്തി.എന്നിട്ട് ഗുരു പറഞ്ഞു... ഇന്നൊരു സുദിനമാണ് സമുദായ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണിത്. ഈ റിക്കാർഡ് ആലുവ അദ്വൈതാശ്രമത്തിൽ തങ്കലിപികളിൽ എഴുതിചേർക്കണം.
പിന്നീട് ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ ഒരു ഈഴവ മെമ്പറെ നോമിനേറ്റ് ചെയ്യേണ്ട സന്ദർഭം വന്നു. പൊതുജന അഭിപ്രായത്തെ മാനിച്ച് തഹസിൽദാർ കൃഷ്ണൻവൈദ്യരുടെ പേര് ശുപാർശ ചെയ്തു, ഇതറിഞ്ഞ ചങ്ങനാശേരിയിലെ ചില ഈഴവ പ്രമാണിമാർ കച്ചേരിയിൽ പരാതിയുമായെത്തി. കൃഷ്ണൻ വൈദ്യൻ ഈഴവനല്ലെന്നും പീച്ചനാട്ടു കുറുപ്പാണെന്നും വക്കീൽ മുഖാന്തരം വാദിച്ചു. അന്ന് ഹജൂർ സെക്രട്ടറി ഉള്ളൂർ എസ്.പരമേശ്വരയ്യരായിരുന്നു. കൃഷ്ണൻ വൈദ്യർ ഈഴവനാണെന്ന് ശ്രീനാരായണഗുരുവിന്റെ ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് ഉള്ളൂർ പറഞ്ഞു. അതനുസരിച്ച് ഗുരുദേവൻ സസന്തോഷം ഒരു കത്തെഴുതി കൊടുത്തു.