മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ പ്രതിഭാ പുരസ്‌കാരം' വിതരണം ചെയ്തു. കോരുത്തോട് സി.കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രതിഭാ പുരസ്‌കാര സംഗമം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറിയും, ജില്ലാ ആസൂത്രണസമിതി അംഗവുമായ കെ. രാജേഷ് അദ്ധ്യക്ഷനായിരുന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, ജോർജ്കുട്ടി ആഗസ്തി,രത്‌നമ്മ രവീന്ദ്രൻ, ശ്രീജ ഷൈൻ, സ്‌കൂൾ മാനേജർ എം.എസ് ജയപ്രകാശ്, പ്രിൻസിപ്പൽ റ്റിറ്റി എസ്, ഹെഡ്മാസ്റ്റർ സിജു സി.എസ്, പി.കെ. സുധീർ, സണ്ണി വെട്ടുകല്ലേൽ, സി.കെ. മോഹനൻ, ജോയി പുരയിടം, തോമസ് മാണി കുമ്പുക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾക്ക് പ്രത്യേക അവാർഡും നൽകി. മന്ത്രിയെയും,എം.എൽ.എയേയും സ്‌കൂൾ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.