കുമരകം: പരിസ്ഥിതി വ്യതിയാനം ആവാസ വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ നേച്ചർ ക്ലബുകൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് മന്ത്രി വി.എൻ വാസവൻ ആവശ്യപ്പെട്ടു. വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഏകദിന ശില്പശാല കവണാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാടനപക്ഷികളുടെ സംരക്ഷണവും അവയുടെ ആവാസ വ്യവസ്ഥയും എന്ന വിഷയത്തിൽ " കൂടും തേടി " എന്ന പേരിലായിരുന്നു ശില്പശാല. കാേട്ടയം സാേഷ്യൽ ഫാേറസ്ട്രറി ഡിവിഷൻ കുമരകം ഗ്രാമപഞ്ചായത്തും കോട്ടയം നേച്ചർ സൊസൈറ്റിയുമായി ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്. അസി.ഫോറസ്റ്റ് കൺസർവേറ്റർ കെ.എ സാജു , ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു , ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി. അജയ്, സ്മിത സുനിൽ എന്നിവർ പ്രസംഗിച്ചു.