അടിമാലി: രണ്ടാം ഭാര്യയായ ഷൈലയ്ക്കൊപ്പം സ്വസ്ഥമായി കഴിയാനാണ് ഇവരുമായി സ്ഥിരം വഴക്കിടുന്ന സഫിയയെയും കുടുംബത്തെയും പ്രതി സുനിൽകുമാർ ആക്രമിച്ചതെന്ന് സൂചന. വണ്ടിപ്പെരിയാറിൽ നേരത്തെ സുനിൽകുമാറിന് ഭാര്യയും 13ഉം 14വയസുള്ള രണ്ട് ആണ്‍മക്കളും ഉണ്ടായിരുന്നു. 2016 മുതല്‍ ഇവരുമായി വേര്‍പിരിഞ്ഞ് ഷൈലയുമായി ഒന്നിച്ചു കഴിയുകയായിരുന്നു ഇയാൾ. സുനില്‍ കുമാറിനെതിരെ പീരുമേട് കോടതിയില്‍ ആദ്യ ഭാര്യ സ്ത്രീനിരോധന നിയമപ്രകാരം നൽകിയ കേസ് നിലവിലുണ്ട്. ആനച്ചാലിലെത്തി ഷൈലയുമായി പരിചയപ്പെട്ട ശേഷം ഷാന്‍ മുഹമ്മദ് എന്ന പേരിലായിരുന്നു ഇയാൾ അറിയപ്പെട്ടത്. ഷൈലയും സുനില്‍കുമാറും അമകണ്ടത്തുള്ള സെറ്റില്‍മെന്റ് കോളനിയിലായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്ന് ഷൈലയ്ക്ക് തറവാട് വീടിനോട് ചേര്‍ന്ന് 10 സെന്റ് സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് അവിടെ താത്കാലികമായി താമസിക്കുന്നതിന് ഒരു ഷെഡ് നിര്‍മ്മിച്ചു. അവിടെ ഇടയ്ക്ക് വന്ന് താമസിക്കുമ്പോൾ സഫിയുമായി നിരന്തരം അതിര്‍ത്തി തർക്കമുണ്ടാവുമായിരുന്നു. ഇതിനിടയില്‍ സുനില്‍ കുമാറും ഷൈലയും ചേര്‍ന്ന് സഫിയെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഷൈലയും സുനില്‍ കുമാറും തമ്മില്‍ വഴക്ക് ഉണ്ടായതിനെ തുടർന്ന് ഇരുവരും കഴിഞ്ഞ 15 ദിവസമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഷൈലയുടെ പ്രീതി സമ്പാദിച്ച് വീണ്ടും ഒരുമിച്ച് താമസിക്കാനാണ് ശത്രുവായ സഫിയയെ കൊലപ്പെടുത്തിയതെന്ന് മകള്‍ ആഷ്മിയോട് സുനില്‍കുമാര്‍ പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ പ്രതിയെ ചോദ്യം ചെയ്താൽ വ്യക്തമാകും.