അടിമാലി: പിറന്നാള്‍ ദിനത്തില്‍ രക്തത്തിൽ കുളിച്ച കുഞ്ഞനിയനെയും ഉമ്മയെയും നേരിൽ കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതയായിട്ടില്ല സഹോദരി ആഷ്മി. കഴിഞ്ഞ 29ന് പിതാവ് റിയാസ് വന്നപ്പോള്‍ ആഷ്മിയ്ക്ക് പിറന്നാള്‍ സമ്മാനമായി പുതിയൊരു മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. പുതിയ ഫോണ്‍ കിട്ടിയത് അബ്ദുൾ ഫത്താഹിനും സന്തോഷമായി. രണ്ടു പേരും ഒന്നിച്ച് മൊബൈല്‍ ഫോൺ ഉപയോഗിച്ച് കളിക്കുമായിരുന്നു. സന്ധ്യയായപ്പോള്‍ 15കാരി തൊട്ടടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വല്ല്യുമ്മ സൈനബയ്ക്ക് കൂട്ടു കിടക്കാന്‍ പോയി. അതിനാല്‍ സഹോദരനും മാതാവിനും പറ്റിയ ദുരന്തത്തെക്കുറിച്ച് ഒന്നും അറിയാതെ നല്ല ഉറക്കത്തിലായിരുന്നു അവൾ. സുനിൽകുമാർ അതിക്രമിച്ചു കയറുന്ന ശബ്ദം കേട്ടാണ് ആഷ്മി ഞെട്ടിയുണര്‍ന്നത്. കയറിയ വഴി വല്യുമ്മ സൈനബയെ തലയ്ക്കും നെഞ്ചിനും ചുറ്റിക കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടയില്‍ സൈനബ ബോധം കെട്ട് വീണു. ഇതെല്ലാം കണ്ട് പേടിച്ച് നിലവിളിച്ച ആഷ്മിയെ ആക്രമിക്കാതെ സുനില്‍ കുമാര്‍ കൂട്ടിക്കൊണ്ടു പോയി കാണിച്ച കാഴ്ച ഓർക്കാൻ കൂടി കഴിയുന്നില്ല. മണിക്കൂറുകൾക്ക് മുമ്പ് വരെ തന്റെയൊപ്പം കളിച്ച കുഞ്ഞനിയൻ തല തകർന്ന് മരിച്ചു കിടക്കുന്നു. തൊട്ടടുത്ത് നിശ്ചലയായി ഉമ്മയും. മുറി നിറയെ ചോര മാത്രം. ഇവിടെ നിന്ന് നിന്ന് ബലമായി തന്നെ സുനില്‍ കുമാർ കൊണ്ടുപോകാൻ നോക്കിയപ്പോൾ ആഷ്മി കുതറി മാറി ഓടുകയായിരുന്നു. സുനിൽകുമാർ പിന്നാലെ ചെന്നെങ്കിലും അവളെ പിടിക്കാനായില്ല. ആഷ്മി ഓടി അയൽപ്പക്കത്തെ വീട്ടിലെത്തിയത് കണ്ടാണ് സുനിൽകുമാർ രക്ഷപ്പെട്ടത്. ആഷ്മി പറഞ്ഞാണ് പുറംലോകം അരുംകൊല അറിയുന്നത്.