വൈക്കം:ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളിൽ ഒരാൾ പൊലിസ് പിടിയിലായി. എറണാകുളം ഞാറയ്ക്കൽ വൈപ്പിൻ പുതുവൈപ്പ് തോണി പാലത്തിനു സമീപം താമസിക്കുന്ന തുറക്കൽ ജസ് ലിൻ ജോസിയെ യാണ് വൈക്കം പൊലിസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ 26 കാരി 57 കാരനായ ഗൃഹനാഥനുമായി ഫെയ്‌സ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെ്ര്രപംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപുന്നയിലെ ലോഡ്ജിൽ വിളിച്ചുവരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി ഇതുപയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി. 50 ലക്ഷം രൂപ ചോദിച്ചാണ് വില പേശൽ തുടങ്ങിയതെങ്കിലും പിന്നീട് 20 ലക്ഷം രൂപ നൽകാമെന്ന് ധാരണയായതായി പൊലിസ് പറഞ്ഞു. ഇതിന്റെ ആദ്യ ഗഡുവായി 1,35000 രൂപ യുവതിയും കൂട്ടരും കൈക്കലാക്കി. വൈക്കത്ത് വർക്ക് ഷോപ്പ് നടത്തുന്ന ഗൃഹനാഥനോട് യുവതിയുടെ കൂട്ടാളികൾ വൈക്കം ബോട്ടുജെട്ടിക്ക് സമീപം പണത്തെ ചൊല്ലി കലഹിച്ചതോടെയാണ് പ്രശ്‌നം വഷളായത്. ജീവിതം തകരാതിരിക്കാൻ കടം വാങ്ങിയും പണം നൽകേണ്ട സ്ഥിതിയുണ്ടാകുമെന്ന് വന്നതോടെ സുഹൃത്തുക്കളുടെ ഗൃഹനാഥൻ പൊലിസിൽ പരാതി നൽകുകയായിരുന്നു. ഗൃഹനാഥനെ കുടുക്കിയ യുവതിക്ക് വൈക്കത്തെ ചില പ്രമുഖരുമായും ബന്ധമുണ്ടെന്ന സൂചന പൊലിസിനു ലഭിച്ചിട്ടുണ്ട്. കേസിൽ യുവതിയടക്കം ചിലരെ പിടികൂടാനുണ്ടെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ് പറഞ്ഞു.