പാലാ: കലയേയും കലാകാരന്മാരെയും എന്നും പ്രോത്സാഹിപ്പിച്ച വൈദിക ശ്രേഷ്ഠനായിരുന്നു ഇന്നലെ അന്തരിച്ച റവ.ഫാ. ജയിംസ് വെണ്ണായിപ്പിള്ളിൽ.
നല്ലൊരു ഗായകനയും കീ ബോർഡ് ആർട്ടിസ്റ്റുമായിരുന്ന ഇദ്ദേഹം ദീർഘകാലം പാലാ കമ്യൂണിക്കേഷൻസിന്റെ ഡയറക്ടറുമായിരുന്നു. നിലവിൽ അന്ത്യാളം പള്ളി വികാരിയായിരുന്നു. അന്ത്യാളം ഇടവക സമൂഹത്തിന് ഇടയശുശ്രൂക്ഷയുടെ തീഷ്ണമായ അനുഭവങ്ങൾ പകർന്ന് നൽകിയാണ് വികാരിയച്ചൻ ജെയിംസ് വെണ്ണായിപ്പള്ളി സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്. കഴിഞ്ഞ ജൂലായ് 7ന് കൊവിഡ് ബാധിതനായി മാർ സ്ലീവ മെഡിസിറ്റിയിൽ അഡ്മിറ്റ് ചെയ്ത അച്ചൻ കൊവിഡാനന്തര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. കേവലം രണ്ടര വർഷക്കാലം മാത്രമായിരുന്ന അന്ത്യാളം ഇടവകയിൽ അച്ചൻ ശുശ്രൂക്ഷ ചെയ്തിരുന്നത്. രണ്ടര വർഷത്തിൽ, ഏറെ സമയവും കൊവിഡ് കൈയടക്കിപ്പോഴും ഇടയശുശ്രൂക്ഷകൾക്ക് നവമാനങ്ങൾ നൽകി അച്ചൻ വിശ്വാസ സമൂഹത്തെ ഇടവകയോട് ചേർത്ത് നിർത്തി. ലോക് ഡൗൺ നാളുകളിൽ ദൈവാലയത്തിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിപ്പോൾ സാധിക്കുന്ന എല്ലാവർക്കും പങ്കെടുക്കുന്നതിനായി ദിവ്യബലികളുടെ എണ്ണം വർദ്ധിപ്പിച്ചു. ലോക് ഡൗണിന്റെ ആദ്യ നാളുകളിൽ ദൈവാലയം പൂർണ്ണമായി അടച്ചിട്ടപ്പോൾ മുഴുവൻ കുടുംബങ്ങളുടെയും വീട്ടുപേരും കുടുബനാഥന്റെ പേരും എഴുതി ദൈവലായത്തിൽ അവർ ഇരിക്കുന്ന സ്ഥാനങ്ങളിൽ പതിപ്പിച്ച് വെണ്ണായിപ്പിള്ളി അച്ചൻ ദിവ്യബലി അർപ്പിച്ചത് 'കേരളകൗമുദി ' ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലോക് ഡൗൺ സമയത്ത് ജാതി മതഭേദമെന്യേ അർഹമായ മുഴുവൻ വീടുകളിൽ ഭക്ഷ്യകിറ്റ് എത്തിച്ചതും വെണ്ണായിപ്പള്ളി അച്ചന്റെ കാരുണ്യമുഖമായി.