കോട്ടയം : പ്രണയപ്പകയിൽ കൊല ചെയ്യപെട്ട നിഥിനയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ച സമയം എല്ലാവരുടെയും കണ്ണ് ഉടക്കിയത് ഒരാളിലേക്കായിരുന്നു. ഏകപ്രതീക്ഷയായിരുന്നു മകളുടെ വിയോഗം താങ്ങാനാവാതെ വിങ്ങിപ്പൊട്ടുന്ന ബിന്ദുവിന്റെ കൈ ചേർത്ത് പിടിച്ച് നിൽക്കുന്ന ഒരു സ്ത്രീ. അതും രണ്ട് മണിക്കൂർ. സമീപവാസികൾക്ക് പോലും അവരെ മനസിലായില്ലെങ്കിലും ബിന്ദുവിനും, നിഥിനയ്ക്കും അവർ ദൈവമാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ.സുവാൻ സഖറിയയായിരുന്നു അത്. ബിന്ദുവിനെ വർഷങ്ങളായി ചികിത്സിക്കുന്ന ഡോക്ടർ എന്നതിനപ്പുറം അവർക്ക് താങ്ങായി തണലായി ഒരു കുടുംബാംഗത്തെ പോലെ പെരുമാറുന്നയാൾ. നിഥിനയുടെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ ബിന്ദുവിനെ താങ്ങി പിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുമ്പോഴും സുവാന്റെ കൈ ബിന്ദുവിനെ ചേർത്ത് പിടിച്ച് നിന്നു. സുവാനയുടെ ഈ സ്നേഹത്തിന് സോഷ്യൽമീഡിയയും സല്യൂട്ട് നൽകുകയാണ്.