കോട്ടയം: പതിനാല് വയസുകാരി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവ് അറസ്റ്റിൽ. സെപ്‌തംബർ 29നാണ് പതിനാലുകാരി ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈസൺവാലി സ്വദേശിയായ ബന്ധുവിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ അച്‌ഛൻ മരിച്ചതിന് ശേഷം അമ്മ കോട്ടയത്ത് വീട്ടുജോലിക്ക് പോയി. ഇതോടെ ഒറ്റയ്‌ക്കായ കുട്ടിയെ ബൈസൺവാലിയിലെ ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. ഒരുവർഷമായി പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്.

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പിറ്റേന്ന് ആൺകുട്ടിക്ക് ജന്മം നൽകുകയുമായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ജില്ലാ ശിശു സംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഇരുവരുടേയും സംരക്ഷണം ഏറ്റെടുക്കും.