കോട്ടയം: ജില്ലയിലെ അമ്പതിലധികം കുടിവെള്ള പദ്ധതികളുടെ സ്രോതസായ മീനച്ചിലാറ്റിലെ വെള്ളത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ വ്യക്തമായി. കുടിവെള്ള പദ്ധതികളുടെ സ്രോതസായ മീനച്ചിലാറ്റിലെ വെള്ളത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിദ്ധ്യവും കണ്ടെത്തി.
കൊവിഡ് വ്യാപനത്തിന് മുമ്പും ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ. മീനച്ചിലാറ്റിന്റെ ഉത്ഭവ സ്ഥാനമായ അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. മനുഷ്യവിസർജ്യം പുഴയിൽ കലരുന്നുണ്ടെന്നു മാത്രമല്ല, അതിന്റെ തോത് തീവ്രവുമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഏഴു സാമ്പിളുകളിൽ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി. കൗണ്ട്.
ആറുമാനൂർ, നാഗമ്പടം, പുന്നത്തുറ, തിരുവഞ്ചൂർ, ഇറഞ്ഞാൽ, ഇല്ലിക്കൽ, കിടങ്ങൂർ എന്നിവിടങ്ങളിലാണ് ഫീക്കൽ കോളിഫാം ബാക്ടീരിയയുടെ അളവ് കൂടുതലുള്ളത്. കുടിവെള്ളത്തിൽ ഫീക്കൽ കോളിഫോം സാന്നിദ്ധ്യം ഉണ്ടാകരുതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവിന് പുറമേ ജലത്തിൽ പി. എച്ച്.ലെവൽ ഉയർന്നതായും കണ്ടെത്തലുണ്ട്. മീനച്ചിലാർ പരിസരത്ത് വ്യവസായ കേന്ദ്രങ്ങൾ കുറവായതിനാൽ, ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ എത്തുന്നതെന്നും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് നടത്തിയ പഠനത്തിൽ മലിനീകരണത്തിന്റെ തോത് വൻ തോതിൽ കുറഞ്ഞിരുന്നു. കൊവിഡ് കാലത്ത് പാഴ്സൽ സാധനങ്ങളുടെ വ്യാപനം കൂടിയതോടെ നിരോധിത ഡിസ്പോസിബിൾ വസ്തുക്കൾ വൻതോതിൽ മീനച്ചിലാറ്റിലേക്ക് തള്ളുന്നത് കൂടിയിട്ടുണ്ട്.
ഹോട്ടലുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും വൻതോതിൽ ആറ്റിൽ കൊണ്ട് നിക്ഷേപിക്കുന്നത്. കോളിഫോം സാന്നിധ്യമുള്ള വെള്ളം ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം, മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങൾ പകരുമെന്നാണ് ആരോഗ്യവിദ്ധർ നൽകുന്ന മുന്നറിയിപ്പ്. മലിനീകരണം തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരമ്തമായിരിക്കുമുണ്ടാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.