നിന്നു നട്ടംതിരിഞ്ഞ് യാത്രക്കാർ
കോട്ടയം: നഗരമധ്യത്തിലെ ബസ് സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും നിന്നു കാൽകുഴഞ്ഞ് യാത്രക്കാർ. തിരുനക്കരയിലും നാഗമ്പടത്തുമുള്ള ഇരിപ്പിടങ്ങളിൽ പലതും തകർന്നു തുടങ്ങിയതാണ് യാത്രക്കാരെ വലയ‌്ക്കുന്നത്. ശാസ്ത്രി റോഡിലും, ലോഗോസ് ജംഗ്ഷനിലുമുള്ള ബസ് സ്റ്റോപ്പുകളിലും സമാനമായ സ്ഥിതിയാണ്. ലോക്ക് ഡൗണിന് ശേഷം ബസ് സ്റ്റാൻഡുകൾ സജീമായതോടെ യാത്രക്കാരുടെ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.
ഇതുവരെയും മുഴുവൻ ബസുകളും ജില്ലയിൽ ഓടിത്തുടങ്ങിയിട്ടില്ല. ഇത് കൂടാതെ പകുതിയിലധികം യാത്രക്കാരെ മാത്രമേ ബസുകളിൽ കയറ്റാൻ അനുമതിയുമുള്ളൂ. ഈ സാഹചര്യത്തിൽ ബസ് സ്റ്റാൻഡുകളിൽ കൂടുതൽ സമയം യാത്രക്കാർ നിൽക്കേണ്ട സാഹചര്യമാണ്. എന്നാൽ ഇവിടങ്ങളിൽ ഒന്നും ഇരിപ്പിടമില്ല. തിരുനക്കര ബസ് സ്റ്റാൻഡിലെ ഇരിപ്പിടങ്ങളുടെ കമ്പി നേരത്തെ മോഷണം പോയിരുന്നു. നിലവിലുള്ള ഏതാനും സീറ്റുകൾ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. നാഗമ്പടം ബസ് സ്റ്റാൻഡിലെ കോൺക്രീറ്റ് സീറ്റുകളും ഏതാണ്ട് തകർന്നു കിടക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ സ്റ്റാൻഡുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമാണ്.
വൃത്തി ഏഴയിലത്തില്ല
കൊവിഡിനു ശേഷം സ്റ്റാൻഡുകൾ പ്രവർത്തനക്ഷമമായെങ്കിലും വൃത്തിയുറപ്പാക്കുന്ന നടപടികൾ എങ്ങും എത്തിയിട്ടില്ല. സാനിറ്റൈസറോ, കൈകഴുകുന്നതിനുള്ള ക്രമീകരണമോ നഗരസഭ അധികൃതർ ഒരുക്കിയിട്ടുമില്ല. നഗരസഭയുടെ ഉടമസ്ഥതയിലാണ് രണ്ട് ബസ് സ്റ്റാൻഡുകളും. ഇവിടങ്ങൾ അണുവിമുക്തമാക്കാനുള്ള നടപടികൾ പോലും നഗരസഭ ഇതുവരെയും സ്വീകരിച്ചിട്ടില്ല.