വൈക്കം : ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനിൽ 4.69 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകി. വൈക്കം. താലൂക്ക് ആശുപത്രിയിൽ അനുവദിച്ച മാമോഗ്രാം യൂണിറ്റിന് 1.82 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വൈക്കം നിയോജകമണ്ഡലത്തിലെ ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, തലയാഴം ടി.വി പുരം, വെച്ചൂർ, തലയോലപറമ്പ് , വെള്ളൂർ , വൈക്കം മുനിസിപ്പാലിറ്റി എന്നിടങ്ങളിലെ സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയേയാണ്. വൈക്കം താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റിന്റെ പ്രവർത്തനമാരംഭിച്ചാൽ നാമമാത്രമായ തുക മാത്രം അടച്ച് രോഗം നിർണയിക്കാനാകും എന്നത് സാധാരണക്കാരായ രോഗികളെ സംബന്ധിച്ച് വലിയ ആശ്വാസമാകും. ഇതിനായി സ്ഥലം കണ്ടെത്തിതരുന്നതിന് വൈക്കം മുനിസിപ്പാലിറ്റിക്ക് കത്ത് നൽകിയതായി ജില്ലാപഞ്ചായത്തംഗം പി.എസ് പുഷ്പമണി അറിയിച്ചു. ചെമ്പ്, ഉദയനാപുരം പഞ്ചായത്തുകൾക്ക് ആബുലൻസ് വാങ്ങുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് നടപടിക്രമങ്ങൾ ആരംഭിച്ചു. വെള്ളപ്പൊക്ക ഭീഷണി ഏറെ നേരിടുന്ന ആറ്റുവേലക്കടവ് മൂഴിക്കൽ റോഡ് മണ്ണിട്ടുയർത്തി ടാർ ചെയ്യുന്നതിന് 33 ലക്ഷം രൂപയും കാർഷിക വിദ്യാഭ്യാസ പശ്ചാത്തല മേഖലയുടെ സമഗ്ര വികസനത്തിന് 1.80 കോടി രൂപ അനുവദിച്ചതായും പി.എസ്. പുഷ്പമണി അറിയിച്ചു.