പാലാ: പട്രോളിംഗ് എന്ന പേരിൽ ഏതെങ്കിലും സമയത്ത് വന്നുപോകും. പക്ഷേ രാമപുരം പൊലീസ് ഒന്നും അറിയുന്നില്ല. ഇന്നലെ പിഴക് പാലത്തിന് സമീപം പൊലീസ് പട്രോളിംഗ് നടത്തിയതിന് തൊട്ടുപിന്നാലെ പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ മോഷണശ്രമമുണ്ടായി. വീടിന് ചുറ്റുമുള്ള സി.സി.ടി.വി കാമറകൾ ആകാശത്തിലേക്ക് തിരിച്ചുവെച്ച മോഷ്ടാക്കൾ വീടിന് ചുറ്റും പരതിയെങ്കിലും ഉള്ളിൽ കയറാൻ സാധിച്ചില്ല.
ഓസ്‌ട്രേലിയലിലുള്ള വീട്ടുടമ ഇന്നലെ രാവിലെ മൊബൈൽ ഫോണിൽ തന്റെ വീടും പരിസരവും നിരീക്ഷിച്ചപ്പോൾ മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. പാന്റും ഷർട്ടും ധരിച്ച മുപ്പത് വയസിൽ താഴെ മാത്രമേ പ്രായം തോന്നിക്കുന്ന രണ്ട് പേരാണ് മോഷണത്തിന് ശ്രമിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മുഖം തുണികൊണ്ട് മറച്ചിട്ടുണ്ട്. സംഭവത്തിന് പതിനഞ്ച് മിനിട്ട് മുമ്പാണ് രാമപുരം പൊലീസ് ഇതുവഴി പട്രോളിംഗ് നടത്തിയത്.
പിഴക്, മാനത്തൂർ, കുറിഞ്ഞി മേഖലകളിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മോഷണങ്ങളും മോഷണശ്രമവുമായി പത്തോളം സംഭവങ്ങൾ ഉണ്ടായെങ്കിലും ഒരു കേസിൽ പോലും പ്രതിയെ പിടികൂടാൻ രാമപുരം പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒരുപറ്റം ഗ്രേഡ് എസ്.ഐമാരുടെ ചുമതലയിലാണ് ഇപ്പോൾ രാമപുരം സ്റ്റേഷന്റെ ഭരണം. ഇവിടെ പ്രിൻസിപ്പൽ എസ്.ഐയോ, സർക്കിൾ ഇൻസ്‌പെക്ടറോ ഇല്ല. മോഷണങ്ങൾ പെരുകിവരുന്ന സാഹചര്യത്തിലും രാമപുരം പൊലീസ് കാണിക്കുന്ന അനാസ്ഥയിലും കെടുകാര്യസ്ഥതയിലും ജനപ്രതിനിധികൾ പ്രതിഷേധിച്ചിരുന്നു.
പിഴക്, മാനത്തൂർ, കുറിഞ്ഞി മേഖലകളിൽ മോഷണം പെരുകിയതിനെ തുടർന്ന് ഈ ഭാഗത്ത് പട്രോളിംഗ് ശക്തമാക്കണമെന്ന് പാലാ ഡി.വൈ.എസ്.പി. രാമപുരം പൊലീസിന് കർശനനിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഏതെങ്കിലും ഒരു സമയത്ത് പിഴക് വഴി വന്നുപോകുന്നതല്ലാതെ തുടർപട്രോളിംഗ് ഉണ്ടാകാറില്ലെന്ന് ജനപ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. വിഷയത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. മോഷണം തടയാൻ പൊലീസ് നടപടികൾ സ്വീകരിക്കണമെന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവും മുൻ മാനത്തൂർ പഞ്ചായത്ത് മെമ്പർ ഷിലു കൊടൂരും ആവശ്യപ്പെട്ടു.
രാമപുരത്ത് പുതിയ സി.ഐ
രാമപുരം സ്റ്റേഷനുകീഴിൽ മോഷണങ്ങൾ പെരുകിയിട്ടും ഇവിടെ സർക്കിൾ ഇൻസ്‌പെക്ടറെ നിയോഗിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് കേരളകൗമുദിയിൽ വാർത്തവന്നതിനെ തുടർന്ന് കെ.എൻ രാജേഷിനെ രാമപുരം സ്റ്റേഷനിൽ സർക്കിൾ ഇൻസ്‌പെക്ടറായി നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം നാളെ ചുമതലയേറ്റേക്കും
സുനിൽ പാലാ
ഫോട്ടോ അടിക്കുറിപ്പ്
പിഴക് പാലത്തിന് സമീപം പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ മോഷണത്തിനെത്തിയ കള്ളൻമാരുടെ സിസിടിവി ദൃശ്യം