ഇളങ്ങുളം: വണിക വൈശ്യ ദേവസ്വം സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇളങ്ങുളം മുത്താരമ്മൻ കോവിലിൽ 10ന് മഹാ ചണ്ഡികാഹോമം നടത്തും. കേരളത്തിൽ അപൂർവ്വമായി മാത്രം നടത്താറുള്ള ചണ്ഡികാഹോമം കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്രത്തിൽ മാത്രം നിത്യവുമുണ്ട്. ദേവി മാഹാത്മ്യത്തിലെ 13 അധ്യായങ്ങളിലെ 700 ശ്ലോകങ്ങൾ ജപിച്ചു കൊണ്ടാണ് ഹോമം. തന്ത്രി തൃശൂർ മുരുകേശ്വര ശർമ്മയാണ് യജ്ഞാചാര്യൻ.

മുത്താരമ്മൻ കോവിലിൽ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന യജ്ഞശാലയുടെ കാൽനാട്ടു കർമ്മം ഇന്ന് വൈകിട്ട് 5ന് കെ.വി.വി.എസ് ജില്ലാ പ്രസിഡന്റ് റോസ് ചന്ദ്രൻ നിർവഹിക്കും. യോഗത്തിൽ എം.വി.രാമചന്ദ്രൻ അദ്ധ്യക്ഷനാകും. 6.30ന് വ്രതം ആരംഭിക്കും.

9ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.എൻ. ഷൺമുഖൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിക്കും. തന്ത്രി ദാമോദരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യാതിഥിയിരിക്കും. സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ, റോസ് ചന്ദ്രൻ, എസ്.സുബ്രഹ്മണ്യം ചെട്ടിയാർ, എസ്.തങ്കപ്പൻ ചെട്ടിയാർ, ആർ.ശ്രീജു തുടങ്ങിയവർ പ്രസംഗിക്കും.
10 ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമം. രാവിലെ ഏഴ് മഹാ ചണ്ഡികാഹോമം ആരംഭിക്കും.