a

കുമരകം : അയ്മനത്ത് പശുവിനെ ബന്ധിച്ച കയർ ബൈക്കിൽ കുരുങ്ങി യുവാവിന്റെ ജീവൻ പൊലിഞ്ഞിട്ടും റോഡരികിൽ നാൽക്കാലികളെ കെട്ടുന്നത് തുടരുന്നു. കഴിഞ്ഞ ആഗസ്റ്റ് 30 ന് അയ്മനം കരിമഠം - കല്ലങ്കത്ര റോഡിൽ വല്ല്യാട് എസ്.എൻ.ഡി.പി ശ്മശാനത്തിന് സമീപമുണ്ടായ അപകടത്തിലാണ് പുതുച്ചിറ സാബുവിന്റ മകൻ അരുൺ (27) മരിച്ചത്. റോഡിലും, റോഡരികിലും നാൽക്കാലികളെ കെട്ടുന്നത് നിയമവിരുദ്ധമാണ്, എന്നിട്ടും നാല്ക്കാലികളെ നീളം കൂടിയ കയറിൽ കെട്ടിയിടുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. കയറിന്റെ നീളം കൂടുതൽ മൂലം റോഡിന്റെ എതിർവശത്തേക്ക് നാൽക്കാലികൾ പലപ്പോഴും എത്തുന്നു. വാഹനങ്ങൾ എത്തുന്നതോടെ പരിഭ്രാന്തരായി ഇവ പായുകയും കയർ വാഹനത്തിൽ കുരുങ്ങുകയുമാണ്. ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ കെണി.

റോഡുകളിൽ അപകടകരമാവിധം കന്നുകാലികളെ കെട്ടുന്നതിനും അഴിച്ച് വിടുന്നതിനും എതിരെ വല്യാട് ഡ്രീം ക്യാച്ചെഴ്സ് ക്ലബും, നാട്ടുകാരും ചേർന്ന് പഞ്ചായത്തിൽ പരാതി നല്കിയതോടെ ഏതാനും ദിവസം പശുവിനെ റോഡിൽ കെട്ടിയിരുന്നില്ല.

രാത്രിയിലും അഴിക്കില്ല
കോട്ടയം - കുമരകം റോഡിൽ രണ്ടാം കലുങ്ക് മുതൽ കോണത്താറ്റു പാലം വരെയുള്ള ഭാഗത്ത് പശുക്കളുടേയും എരുമകളുടേയും കയറിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ ഏറെയാണ്. വാഹനത്തിരക്കുള്ള റോഡിൽ കെട്ടുന്ന പഇവയെ രാത്രിയിലും അഴിച്ചു കൊണ്ടുപോകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ പൊതുവഴികളിൽ നാൽക്കാലികളെ കെട്ടുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. ഇനിയൊരു അപകടത്തിന് കാത്തുനിൽക്കരുത്
സതീശ്, പ്രദേശവാസി