പാലാ: കളരിയാമ്മാക്കൽ പാലം റോഡിന്റെ പൂർത്തീകരണത്തിനായുള്ള അക്വിസിഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം നടപടികൾ പൂർത്തീകരിച്ച് സ്ഥലം ഏറ്റെടുക്കുന്നതോടെ റോഡ് നിർമ്മാണത്തിന് തുടക്കമാകുമെന്നും അദ്ദേഹം അറിയിച്ചു.പാലാ ടൗണിനെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ചെത്തിമറ്റം കളരിയാമാക്കൽ കടവ് പാലം. പാലത്തിന്റെ ചെത്തിമറ്റം കിഴപറയാർ ഭാഗത്ത് അപ്രോച്ച് റോഡ് ഇല്ലാതെയാണ് പാലം പണി പൂർത്തിയാക്കിയത്. സ്ഥലം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നടപടികൾ ഇല്ലാതെ വന്നതോടെ നടപ്പാതയുടെ ഉപയോഗം മാത്രമായി പാലം മാറി. പാലത്തിനൊപ്പം ചെക്കുഡാമും നിർമ്മിച്ചിരുന്നു. 7.5 മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലും തീർത്തിരിക്കുന്ന പാലം നിർമ്മിച്ചത് ജലസേചന വകുപ്പായിരുന്നു. ഏഴുവർഷം മുമ്പ് മുൻ എം.എൽ.എ കെ.എം മാണിയുടെ കാലത്താണ് പാലം പണി പൂർത്തീകരിച്ചത്.

വിഷയം കഴിയഞ്ഞ സർക്കാരിന്റെ കാലത്ത് മാണി സി കാപ്പൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുമായി 13 കോടി 87 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.