ചങ്ങനാശേരി: ശോച്യാവസ്ഥയിൽ റവന്യൂ ടവറിലെ ടോയ്‌ലെറ്റുകൾ. മൂക്ക് പൊത്താതെ ടവർ ഗ്രൗണ്ട് ഫ്ലോറിൽ പ്രവേശിക്കാൻ കഴിയില്ലെന്ന സ്ഥിതിയാണ്. ടോയ്‌ലെറ്റുകളിൽ നിന്നുള്ള രൂക്ഷ ഗന്ധമാണ് ഇതിനു കാരണം. ദിനം പ്രതി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ആറ് നിലകളിലായി സർക്കാർ - ഇതര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ നിലകളിലും ടോയ്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശോച്യാവസ്ഥയിലാണ് നിലനിൽക്കുന്നത്. ടവറിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർ കൂടാതെ ടവറിനു പുറത്തുള്ളവരും ആശ്രയിക്കുന്നത് ടവറിലെ ടോയ്‌ലെറ്റാണ്. ദുർഗന്ധവും വെള്ളക്കെട്ടും വെളിച്ചമില്ലായ്മയും ആണ് എല്ലാ ടോയ്‌ലെറ്റുകളുടെയും പ്രതിസന്ധി. കൂടാതെ, അടച്ചുറപ്പുള്ള വാതിലുകളും ഇല്ല. മൊബൈൽ വെളിച്ചവും ടോർച്ചും കൈവശം കരുതേണ്ട സ്ഥിതിയാണ് ഇവിടെയെന്ന് ജീവനക്കാർ പറയുന്നു. സ്ത്രീ ജീവനക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കൈകൾ കഴുകുന്നതിനായി ഇവിടെ വാഷ്‌ബേസിനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൃത്തിഹീനമാണ്. അകത്തളങ്ങൾ വെള്ളക്കെട്ടും ടോയ്‌ലെറ്റുകളും വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. ഓരോ നിലയും ആരംഭിക്കുന്ന ഭാഗത്ത് ദുർഗന്ധം മൂലം നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. വർഷങ്ങളായി ടവറിലെ ടോയ്‌ലെറ്റുകളുടെ ശോച്യാവസ്ഥ തുടരുന്നു. ഇടക്കാലത്ത് വെള്ളമില്ല എന്നതായിരുന്നു പ്രശ്നം. പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകുന്നതല്ലാതെ പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടോയ്‌ലെറ്റുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ജീവനക്കാരുടെയും ജനങ്ങളുടെയും ആവശ്യം ശക്തമാകുകയാണ്.