catle

കോട്ടയം : കന്നുകാലികളിലെ കുളമ്പുരോഗം നിയന്ത്രിക്കുന്നതിനുള്ള സൗജന്യ പ്രതിരോധകുത്തിവയ്പ്പിന് നാളെ തുടക്കമാകും. ജില്ലയിൽ 87222 പശുക്കളെയും എരുമകളെയുമാണ് നവംബർ 3 വരെ പ്രതിരോധകുത്തിവയ്പ്പിന് വിധേയമാക്കുന്നത്. വാക്‌സിനേഷൻ ചെയ്ത കന്നുകുട്ടികൾക്ക് ഇയർ ടാഗിംഗ് നടത്തി കേന്ദ്ര സർക്കാരിന്റെ ഇനാഫ് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തും. അനിമൽ ഹെൽത്ത്കാർഡ്/വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കർഷർക്ക് നൽകും. തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളിലെ മൃഗങ്ങളിൽ നിന്ന് വാക്സിനേഷന് മുമ്പും ശേഷവും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലജിമ്മി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഒ.ടി.തങ്കച്ചൻ , ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയദേവൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

ജില്ലയിൽ പശുക്കൾ : 87222

കഴിഞ്ഞവർഷം രോഗം ബാധിച്ച് ചത്തത് 50 പശുക്കൾ

കഴിഞ്ഞ വർഷം 1431 കന്നുകാലികൾക്ക് കുളമ്പുരോഗം ബാധിച്ചതിൽ 50 എണ്ണം ചത്തു. ഈ കർഷകർക്ക് 30000 രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റിൽ എണ്ണൂറോളം പശുക്കളുണ്ട്. രാവിലെ അഴിച്ചു വിടുന്നതിനാൽ കുത്തിവയ്പ്പിന് ബുദ്ധിമുട്ടാണ്. കാടുമായി ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ രോഗം പടരാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇവിടെ നേരത്തെ 30 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് നടത്താനേ കഴിഞ്ഞുള്ളൂ. ഇത്തവണ മുഴുവൻ കന്നുകാലികളെയും കുത്തിവയ്പ്പ് നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.