tent-at-pettimudi


അടിമാലി: ഹൈറേഞ്ചിലെ അറിയപ്പെടുന്ന വ്യൂ പോയിന്റുകളിൽ ടെന്റ്ടിച്ച് കഴിയുന്നവരുടെ എണ്ണം കൂടുന്നു. ലോക്ക് ഡൗൺ പിൻവലിച്ചതിനെ തുടർന്ന് വിനോദ സഞ്ചാര മേഖല തുറന്നതോടെ മൂന്നാറിലേയ്ക്കുള്ള സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. ബൈക്കുകളിൽ സംഘം ചേർന്ന് എത്തുന്ന യുവാക്കളാണ് ടെന്റിലെ താമസത്തിൽ ത്രിൽ കണ്ടെത്തുന്നത്. മുന്തിയ റിസോർട്ടുകളിലും ഹോം സ്റ്റേയും ഒഴിവാക്കിടെന്റുകളിലാണ് ഇവരുടെ അന്തി ഉറക്കവും വിശ്രമവും. വിപണിയിൽ 2000 രൂപ മുതൽ 4000 രൂപ വില വരെയുള്ള ഇടത്തരം ടെന്റുകൾ ലഭിക്കും .ആർഭാടം കൂടുംതോറും വിലയും കൂടും. 50000 രൂപവരെ വിലമതിക്കുന്ന മുന്തിയ ഇനങ്ങളും വിപണിയിൽ സുലഭം.വിവിധ മോഡലിൽ ഉള്ളവ ഓൺലൈനിൽ ലഭ്യമാണ്. ടെന്റുകളിൽ ഉപയോഗിക്കാനുള്ള കിടക്ക, ഭക്ഷണം പാചകം ചെയ്യുവാനുള്ള പാത്രങ്ങൾ ലൈറ്റുകൾ എല്ലാമായാണ് സഞ്ചാരികളുടെ വരവ്.

ഹൈറേഞ്ചിൽ നിറയെ വെള്ളച്ചാട്ടങ്ങളും അരുവികളും ഉള്ളതിനാൽ ടെന്റ് അടിച്ച് താമസിക്കുന്നവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങൾ നിരവധിയാണ്. കോടമഞ്ഞ് നിറഞ്ഞ മലനിരകളാണ് സഞ്ചാരികൾക്ക് ഏറ്റവും ഇഷ്ടപ്രദേശങ്ങൾ . മൂന്നാർ മലനിരകൾ, വട്ടവട, കാന്തല്ലൂർ, പൂപ്പാറ, ശാന്തൻപറ, ബോഡിമെട്ട്, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം ടെന്റ് കെട്ടി താമസിക്കുവാൻ സൗകര്യമുള്ള പ്രദേശങ്ങളാണ്. ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയാ പാഴ്‌സലായി വാങ്ങി ഉപയോഗിക്കുകയാണ് ഈക്കൂട്ടർ ചെയ്യുന്നത്. പെട്രോൾ പമ്പുകൾ ,ബസ് സ്റ്റാൻഡുകൾ എന്തിനേറെ കടതിണ്ണകൾ വരെ ഇപ്പോൾ ടെന്റ്ടിച്ച് താമസിക്കുന്നതിനായി തിരഞ്ഞെടുക്കുന്നു. അടിമാലിയ്ക്ക് സമീപമുള്ള പെട്ടി മുടിയിൽ ടെന്റ്ടിച്ച് താമസിക്കുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് വനം വകുപ്പ് ഇപ്പോൾ പ്രവേശനം വരെ നിരോധിച്ചിരിക്കുകയാണ്.

കൂടെയുണ്ട് ടെന്റ്

ടെന്റിനായി ഉപയോഗിക്കുന്ന സാധനങ്ങൾ ഒരിക്കൽ വാങ്ങിയാൽ അവ വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യകതയാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. കൂടാതെ യാത്ര ചെയ്യുമ്പോൾ ലോക്ക് ഡൗണിലോ ഹർത്താലിലോ ട്രാഫിക്ക് ബ്ലോക്കിലോ പെട്ടാൽ കയ്യിൽ ടെന്റ് ഉണ്ടങ്കിൽ വളരെ സൗകര്യപ്രദമായി വിശ്രമിക്കാനും കഴിയും.വിദേശ രാജ്യങ്ങളിൽ ടെന്റുകളുടെ ഉപയോഗം വളരെ വ്യാപകമാണെങ്കിലും ഈ അടുത്ത കാലത്താണ് മലയാളികൾക്ക് പ്രിയങ്കരമായി മാറിയത്.

.