അടിമാലി: കൊരങ്ങാട്ടി- പ്ലാമല പീച്ചാട് റോഡ് ഇനിയും ഗതാഗത യോഗ്യമായില്ല. അടിമാലിയിൽ നിന്ന് വളരെ വേഗം മാങ്കുളത്ത് എത്താൻ കഴിയുന്ന ഈ റോഡിന്റെ ഒരു കിലോമീറ്റർ മാത്രമാണ് തകർന്ന് കിടക്കുന്നത്. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ മച്ചിപ്ലാവിൽ നിന്ന് കൊരങ്ങാട്ടി വരെ നിലവാരമുള്ള റോഡാണുള്ളത്. ഇവിടെ നിന്ന് പീച്ചാട് വരെ ബി.എം ആൻഡ് ബി.സി സംവിധാനത്തിൽ റോഡ് നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അടിമാലിയിൽ നിന്ന് കല്ലാർ വഴി മാങ്കുളത്ത് എത്തുന്നതിനേക്കാൾ ദൂരം കുറവാണ് കൊരങ്ങാട്ടി- പ്ലാമല- പീച്ചാട് റോഡ്. പ്ലാമല മുതൽ പീച്ചാട് വരെയുള്ള ദൂരത്തിൽ ഒരു കിലോമീറ്റർ ഭാഗമാണ് കൂടുതൽ തകർന്നു കിടക്കുന്നത്. അടിമാലിയിൽ നിന്ന് കല്ലാർ വഴി മാങ്കുളത്തേക്ക് 30 കിലോമീറ്റർ ദൂരമാണുള്ളത്. കല്ലാർ മുതൽ കുരിശുപാറ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം തകർന്നു കിടക്കുകയാണ്. ഇത് നന്നാക്കുന്നതിനുള്ള നടപടികൾ മെല്ലെപോക്കാണ്. ഇതോടെ മാങ്കുളം- അടിമാലി റൂട്ടിൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്നത് കൊരങ്ങാട്ടി വഴിയാണ്. മാങ്കുളം കല്ലാർ റോഡിനേക്കാൾ 20 കിലോമീറ്ററോളം ദൂരം കുറവുണ്ട് എന്നതും സവിശേഷതയാണ്. ഇത്തരം സാഹചര്യത്തിൽ പ്ലാമല മുതൽ പീച്ചാട് വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനൊപ്പം നിലവാരത്തോടു കൂടിയ നിർമാണ ജോലികൾ നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.