മുണ്ടക്കയം: കനത്തമഴയിലും കാറ്റിലും മലയോര മേഖലയിൽ വ്യാപക നാശം. പെരുവന്താനം പഞ്ചായത്തിൽ മുപ്പതിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ 35ാം മൈയിലിനും കുട്ടിക്കാനത്തിനുമിടയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. റബർ,വാഴ,ജാതി,തെങ്ങ് അടക്കമുള്ള കൃഷികൾ വ്യാപകമായി നശിച്ചു. സ്വകാര്യ എസ്റ്റേറ്റിൽ പെരുവന്താനം സ്വദേശികളുടെ നാലായിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. ദേശീയപാതയിൽ ആറോളം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വലിയ മരങ്ങൾ ദേശീയപാതയിലേക്ക് കടപുഴകി വീണതിനെതുടർന്ന് തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ഗതാഗതം തടസപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചു. ഇന്നലെ ഉച്ചയോടെയാണ് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ റോഡുകളിലെ കല്ലും മണ്ണും നീക്കം ചെയ്യാനായത്. കൊടുകുത്തിക്ക് സമീപം സ്വകാര്യ എസ്റ്റേറ്റിലെ ലയങ്ങൾക്കും മുകളിൽ മരം കടപുഴകി വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. താഴത്തേടത്ത്‌ ജോസ് (49), മകൻ ജിബിൻ(25), കളരിക്കൽ സാബു (60) എന്നിവർക്കാണ് പരിക്കേറ്റത്. പഞ്ചായത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. ദിവസങ്ങൾക്കു ശേഷമേ പല സ്ഥലങ്ങളിലെയും വൈദ്യുതിബന്ധം പൂർണമായും പുനസ്ഥാപിക്കാൻ കഴിയൂ. മേഖലയിൽ മഴ തുടരുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. 35 മൈൽ ജംഗ്ഷനിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതേതുടർന്ന് പെരുവന്താനം പൊലീസ് സ്റ്റേഷനിൽ വെള്ളംകയറി. കാഞ്ഞിരപ്പള്ളി,പീരുമേട് ഫയർഫോഴ്‌സും പെരുവന്താനം പൊലീസും പഞ്ചായത്ത് അധികൃതരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.