പൊൻകുന്നം:പൂക്കൾ ഉമ്മ വെയ്ക്കുമ്പോൾ പുളകിതയായ് ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ പുഴയോരത്ത് സന്ദർശകരുടെ തിരക്ക്.മണിമലയാറിന്റെ തീരംതൊട്ട് മറ്റൊരു പുഴപോലെ നവീകരിച്ച പൊൻകുന്നം പ്ലാച്ചേരി സംസ്ഥാനപാത.ആകെക്കൂടി മനോഹരമായ കാഴ്ച. ആരും ക്ഷണിക്കാതെ അറിഞ്ഞുകേട്ടെത്തുന്ന വിനോദസഞ്ചാരികൾ. ഓരോ പഞ്ചായത്തും വിനോദസഞ്ചാരകേന്ദ്രങ്ങളാക്കുന്ന സർക്കാർ പദ്ധതിപ്രകാരം ഇവിടെ സാധ്യതകൾ ഏറെയാണ്. സന്ധ്യാനേരത്ത് സഞ്ചാരികൾ മാത്രമല്ല കുടുംബസമേതം നാട്ടുകാരും എത്തുന്നു മനംകവരുന്ന കാഴ്ചകൾ കാണാൻ.പാതയുടെ നവീകരണം പൂർത്തിയായതോടെ വാഹനങ്ങളുടെ തിരക്കായി. മറ്റു വഴികളിലൂടെ പോകേണ്ടവർപോലും യാത്രയ്ക്ക് നല്ല പാത തിരഞ്ഞെടുക്കുന്നതാണ് തിരക്ക് വർദ്ധിക്കാൻ കാരണം.ജില്ലയിലെ തന്നെ നാലുമണിക്കാറ്റ് പോലെ ഇവിടെയും വിശ്രമകേന്ദ്രം ഒരുക്കണമെന്ന ആശയവും ഉയരുന്നുണ്ട്. മണിമലയാറിന്റെ തീരംതൊടുന്ന ചിറക്കടവ് ,കാഞ്ഞിരപ്പള്ളി, മണിമല, വെള്ളാവൂർ പഞ്ചായത്തുകൾക്ക് വിനോദസഞ്ചാരമേഖലയിൽ അനന്തമായ സാധ്യതകളാണ് തുറന്നുകിട്ടുന്നത്. ഹൈറേഞ്ച് ബുൾസ് റോയൽ എൻഫീൽഡ് റൈഡേഴ്‌സ് ക്ലബ് അംഗങ്ങൾ വാരാന്ത്യറൈഡിംഗ് ഇതുവഴിയാക്കിയത് നാട്ടുകാർക്ക് മറ്റൊരു കൗതുകക്കാഴ്ചയായി.
അവർ ഒഴുകിയെത്തും
കൊവിഡ്കാലം കഴിഞ്ഞാൽ സഞ്ചാരികളുടെ ഒഴുക്കാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്ക്. തേക്കടിയും വാഗമണ്ണും പരുന്തുംപാറയും വണ്ടൻമേടും കാണാനെത്തുന്നവരിൽ നല്ലൊരുഭാഗം ഇതുവഴിയാണ് വരുന്നത്.മണിമല ഫോക് ലോർ ഗ്രാമവും വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണകേന്ദ്രമാകും.
ചിത്രം-പൊൻകുന്നം പുനലൂർ പാതയോരത്തുനിന്നുള്ള മണിമലയാറിന്റെ ദൃശ്യം.