പാലാ: ഇത് ഏത് റോഡുപണിക്ക് കൊണ്ടുവന്ന് ഇറക്കിയതാണ് ഈ മെറ്റിൽ ? ആർക്കറിയാം .... ഉത്തരം പറയാൻ ആളില്ല. പക്ഷേ ഉള്ളനാട് പ്രവിത്താനം പി.ഡബ്ലി.യു.ഡി റോഡ് വക്കിൽ കഴിഞ്ഞ ഒരു വർഷത്തിനു മേലായി ഈ മെറ്റൽക്കൂനയുണ്ട് ; ഉടമസ്ഥനാരെന്ന് അറിയാതെ.! റോഡരികിലെ മെറ്രിൽകൂന ദുരിതവും ഒപ്പം അപകടസാധ്യതയും വർദ്ധിപ്പിക്കുകയാണ്. ഉള്ളനാട് ഗവ.ആശുപത്രിയിലേക്ക് ഉൾപ്പെടെ നിത്യേന നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണിത് .ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ വരുമ്പോൾ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനും കാൽനടക്കാർക്ക് സഞ്ചരിക്കാനും സാധിക്കില്ല. റോഡിലേക്ക് നിരന്നുകിടക്കുന്ന മെറ്റിലിൽ കയറി പലപ്പോഴും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. റോഡിന്റെ പകുതിയോളം ഭാഗത്ത് മെറ്റിൽ കിടക്കുന്നത് മൂലം മറുവശത്തെ ടാറിംഗ് തകർന്നിരിക്കുകയാണ് .

ഏത് റോഡിന്റെ നിർമ്മാണത്തിനു വേണ്ടിയാണ് ഈ മെറ്റിൽ ഇറക്കിയിരിക്കുന്നതെന്ന് സമീപവാസികൾക്ക് പോലും അറിയില്ല. നാട്ടുകാർ ജനപ്രതിനിധികളോട് വിവരം തിരക്കി. അവർക്കും അറിയില്ല.

മെറ്റിൽ എത്രയും വേഗം നീക്കണം

ഉള്ളനാട് റോഡിലെ ഈ മെറ്റിൽക്കൂന എത്രയും വേഗം നീക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

ഉള്ളനാട് പ്രവിത്താനം റോഡ് വക്കിൽ കൂന കൂട്ടിയ മെറ്റിൽ