brdg

ചങ്ങനാശേരി: പെരുമ്പുഴക്കടവിൽ പുതിയ പാലം നിർമിക്കുവാൻ അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കാൻ ഇറിഗേഷൻ വകുപ്പിന്റെ ഡിസൈൻ വിഭാഗമായ ഐ.ഡി.ആർ.ബി യോട് ആവശ്യപ്പെടുമെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ യുടെ സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ജനപ്രതിനിധികളും നെൽപാടങ്ങളുടെ കൺവീനർമാരും ഉദ്യോഗസ്ഥരും ചേർന്നുള്ള സർവകക്ഷി യോഗത്തിൽ പാലം പുതുക്കിപ്പണിയാൻ ധാരണയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ബന്ധപ്പെടുകയും പുതിയ പാലത്തിന്റെ ആവശ്യകതയെ കുറിച്ച് ധരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയത്.

ലാപാലം കനാലിന് കുറുകെ നിർമ്മിച്ച പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് 2010ൽ താഴ്ന്നു പോയിരുന്നു. 2009ൽ നിർമ്മിച്ച 12 മീറ്റർ നീളമുള്ള പാലം പിന്നീട് ഉപയോഗിച്ചിട്ടില്ല. 2010ൽ ലാപാലം കനാലിന് കുറുകെ ഒരു താൽക്കാലിക റോഡ് നിർമ്മിക്കപ്പെടുകയും ഇത് സുഗമമായ ഒഴുക്കിനെ സാരമായി ബാധിക്കുകയും മഴക്കാലത്ത് സമീപ പ്രദേശങ്ങളിലേക്ക് വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ കനാലിന്റെ സുഗമമായ ഒഴുക്കിനായി താൽക്കാലിക വ്യതിയാന റോഡ് പൊളിക്കുകയും പെരുമ്പുഴക്കടവ് പാലത്തിന്റെ പുതിയ അപ്രോച്ച് റോഡ് എത്രയും വേഗം നിർമ്മിച്ച് വേണമെന്നുള്ളത് പ്രദേശവാസികളുടെ ആവശ്യമാണ്. പാലം ചങ്ങനാശേരി - പൂവം തമ്മിൽ ബന്ധിപ്പിക്കുന്ന മാർഗവും പത്തനംതിട്ട ജില്ലയിലേക്കുള്ള പ്രധാന പാതയുമാണ്. പൂവത്തിന് സമീപമുള്ള വിവിധ പാടശേഖരങ്ങളിലേക്കുള്ള കൊയ്തു യന്ത്രങ്ങൾ, നെല്ലു കൊണ്ടുപോകുന്ന ടോറസ് ലോറികൾ, കെ.എസ്.ആർ.ടി.സി ബസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ പാലം പുനർ നിർമ്മിക്കണം. ഇരട്ടപ്പാത ഗതാഗതം ഉൾക്കൊള്ളാൻ പാലത്തിന്റെ വീതി വർദ്ധിപ്പിക്കണം. ഇതനുസരിച്ച് നാലു മീറ്റർ വീതിയും പന്ത്രണ്ടു മീറ്റർ നീളവും മാത്രമുള്ളതും ആവശ്യത്തിന് ഭാരം താങ്ങാൻ ശേഷി ഇല്ലാത്തതുമായ പാലം പൊളിച്ചു മാറ്റുവാൻ പായിപ്പാട് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കിയിട്ടുണ്ട്. കർഷകരുടെയും പൊതുജനങ്ങളുടെയും അഭ്യർത്ഥന പ്രകാരം പുതിയ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പാലം രൂപകൽപ്പന ചെയ്യുന്നത്. താത്കാലികമായി നിർമിച്ച കലുങ്ക് അടിയന്തരമായി പുനർനിർമിക്കാൻ ഭരണാനുമതി നൽകിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ പൂവം നിവാസികളുടെ പതിറ്റാണ്ടു കാലത്തേ അഭിലാഷമാണ് പൂവണിയുന്നത്.