പനച്ചിക്കാട്: ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ 15 വരെയാണ് നവരാത്രി ആഘോഷം. 13നു ദുർഗാഷ്ടമി, പൂജവയ്പ്, 14നു മഹാനവമി, 15നു വിജയദശമിയും വിദ്യാരംഭവും. വിദ്യാരംഭം 15നു പുലർച്ചെ നാലിന് ആരംഭിക്കുമെന്നു ദേവസ്വം ഭരണാധികാരികൾ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭവും മറ്റു ചടങ്ങുകളും. നവരാത്രി നാളുകളിൽ വിശേഷാൽ പൂജകളായ മുറജപം, പുരുഷസൂക്താർച്ചന, ചക്രാബ്ജപൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്താർച്ചന തുടങ്ങിയവ ഉണ്ടായിരിക്കും. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. നവരാത്രി കലോപാസനയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. എല്ലാ ദിവസവും വൈകിട്ട് 7ന് കലാമണ്ഡപത്തിൽ സംഗീതോപാസന ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വിദ്യാരംഭത്തിനു അപ്നക്യൂ ആപ്പ് വഴി ബുക്ക് ചെയ്യാമെന്നും ഭാരവാഹികൾ അറിയിച്ചു.