വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പുള്ളിസന്ധ്യവേലയുടെ കോപ്പു തൂക്കൽ 10 ന് രാവിലെ 6.45 നും 8.35നും ഇടയ്ക്കുള്ള മൂഹൂർത്തത്തിൽ ക്ഷേത്ര കലവറയിൽ നടക്കും.
വൈക്കത്തഷ്ടമിയ്ക്കും സന്ധ്യവേലക്കും മുന്നോടിയായി ആചാര തനിമയോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് കോപ്പു തൂക്കുക. ദേവസ്വം ഭരണാധികാരി ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരാനായ അഡ്മിനിസ്‌ട്രേ​റ്റിവ് ഓഫിസറെ എൽപ്പിക്കും. പ്രതീകാത്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളുമാണ് അളക്കുക.11, 13, 15, 17 തീയതികളിലാണ് പുള്ളി സന്ധ്യവേല.
മുഖസന്ധ്യവേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 19ന് രാവിലെ 10.25 നും 12 നും ഇടയിൽ നടക്കും. 20 മുതൽ 23 വരെയാണ് മുഖ സന്ധ്യവേല.
സമൂഹ സന്ധ്യവേല നവംബർ 9ന് ആരംഭിക്കും. 9 ന് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയും ഒ​റ്റപ്പണം സമർപ്പിക്കലും നടക്കും. 11 ന് തെലുങ്കു സമൂഹവും 12 ന് തമിഴ് വിശ്വബ്രഹ്മ സമാജവും 13ന് വടയാർ സമൂഹവും സന്ധ്യ വേല നടത്തും. വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ നവംബർ 15ന് രാവിലെ 8.30 നും 10.30നും ഇടയിലാണ്. 15ന് കൊടിയേ​റ്ററിയിപ്പും ടൗണിലെ സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുലവാഴ പുറപ്പാടും ഉണ്ടാവും.
നവംബർ 16നാണ് വൈക്കം ക്ഷേത്രത്തിലെ കൊടിയേ​റ്റ്. വൈക്കത്തഷ്ടമി 27 നാണ്. 28 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
അഷ്ടമി ഉൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന ക്ഷേത്ര ശുചികരണം 10ന് രാവിലെ 7ന് ദേവസ്വം ബോർഡംഗം പി.എം തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ക്ഷേത്ര ഉപദേശകസമിതി എന്നിവരുടെ നേതൃത്വത്തിൽ ഭക്തരുടെ സഹകരണത്തോടെ നാലമ്പലത്തിലെ ഇടനാഴികളും ക്ഷേത്ര വളപ്പും വൃത്തിയാക്കാനാണ് തീരുമാനം.
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉൽസവം നവംബർ 11 ന് കൊടിയേറി 20ന് ആറാട്ടോടെ സമാപിക്കും.19നാണ് തൃക്കാർത്തിക . കൊടിയേ​റ്ററിയിപ്പ് നവംബർ 10നാണ്. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്യത്തിൽ നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം 8ന് നടക്കും.