വൈക്കം : യുവകലാസാഹിതി യു.എ.ഇ ഷാർജ ഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യപുരസ്‌കാര സമർപ്പണം ഒമ്പതിന് നടക്കും. ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ചിന്റെ 'ദലിതൻ' എന്ന ആത്മകഥക്കാണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒമ്പതിന് വൈകിട്ട് നാലിന് ഇണ്ടംതുരുത്തി മനയിൽ നടക്കുന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ കെ.കെ കൊച്ചിന് പുരസ്‌കാരം സമ്മാനിക്കും. സി.കെ ആശ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അരവിന്ദൻ കെ.എസ് മംഗലം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.എം പിയേഴ്‌സൺ മുഖ്യപ്രഭാഷണം നടത്തും. വൈക്കം ചന്ദ്രശേഖരൻ നായരുടെ പുത്രൻ സി.ഗൗരീദാസൻ നായർ പിതൃസ്മരണ നടത്തും. കൊതിക്കല്ല് രചയിതാവ് കെ.ഡി വിശ്വനാഥനെ ആദരിക്കും. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ, കെ ബിനു, മണ്ഡലം സെക്രട്ടറി പി.എസ് മുരളീധരൻ, സാംജി ടി.വി പുരം, രാജൻ അക്കരപ്പാടം, ശ്രീലത വർമ, യുവകലാസാഹിതി ഷാർജ ഘടകം പ്രസിഡന്റ് ജിബി ബേബി എന്നിവർ പങ്കെടുക്കും.