sastha-

ഇളങ്ങുളം: ധർമ്മശാസ്താ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെ മേൽക്കൂരയുടെ പുനർനിർമ്മാണം തുടങ്ങി. 800 വർഷത്തിലേറെ പഴക്കമുള്ള ശ്രീകോവിലിന്റെ കരിങ്കല്ലിലുള്ള പഞ്ചവർഗത്തറയും കരിങ്കൽഭിത്തിയും നിലനിർത്തിയാണ് നിർമ്മാണം.

ചന്തിരൂർ കർമ്മാലയം മോഹനനാചരിയുടെ നേതൃത്വത്തിൽ അനുജൻ പ്രകാശനാചാരി, മകൻ ശ്രീകർമ്മമോഹൻ, പങ്കജാക്ഷനാചാരി, സുധനാചാരി, രാധാകൃഷ്ണനാചാരി തുടങ്ങിയവരാണ് നിർമ്മാണം നടത്തുന്നത്.

ആഞ്ഞിലിത്തടിയിൽ പണിത 20 കഴുക്കോലാണ് പുതിയ മേൽക്കൂരയിൽ സ്ഥാപിക്കുന്നത്. ഒരു മാസത്തിനകം മേൽക്കൂര നിർമ്മാണവും ചെമ്പുപാളി പാകലും പൂർത്തീകരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.വിനോദും സെക്രട്ടറി സുനിൽ കാഞ്ഞിരമുറ്റവും പറഞ്ഞു.

മൂന്നുകോടിയോളം രൂപ മുടക്കി കല്ലിലും തടിയിലുമായി ചുറ്റമ്പല നിർമ്മാണം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ മേൽക്കൂരയിൽ ചെമ്പുപാകൽ നടന്നുവരികയാണ്. ഏഴ് താഴികക്കുടം, ഏഴ് മുഖപ്പ്, ആരക്കാലിൽ തീർത്ത ബലിക്കൽപ്പുര കൊട്ടിലും തുടങ്ങി പഴമ നിലനിർത്തിയാണ് പുനരുദ്ധാരണം. ശ്രീകോവിലിനു മുമ്പിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നമസ്‌കാരമണ്ഡപം നിലനിർത്തും. ഉപദേവാലയങ്ങളും മഹാക്ഷേത്രങ്ങളിലെ പോലെ ആനപ്പള്ള രൂപത്തിൽ ചുറ്റുമതിലും നിർമ്മിക്കുന്നുണ്ടെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.