പൊൻകുന്നം: ഒരു മഴ പെയ്താൽ പിന്നെ പറയേണ്ട. ആകെ വെള്ളക്കെട്ട്. നിർമ്മാണം പൂർത്തിയായ പൊൻകുന്നം പുനലൂർ ഹൈവേയിൽ തെക്കേത്തുകവലയിലെ അവസ്ഥയാണിത്. ഹൈവേയുടെ ഇരുവശങ്ങളിൽനിന്നും കൂടാതെ ചാമംപതാൽ റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ഓടയിലേക്കൊഴുകാതെ തെക്കേത്തുകവല ജംഗ്ഷനിൽ കെട്ടിക്കിടക്കുന്നത്. വാഹനങ്ങൾ വെള്ളത്തിലൂടെ ഓടിയെത്തുമ്പോൾ കാൽനടയാത്രക്കാർക്ക് മാത്രമല്ല തൊട്ടടുത്തുള്ള കച്ചവടക്കാക്കും കിട്ടും ചെളിയഭിഷേകം.വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന് നടുവിലൂടെ വാഹനമോടിച്ചാൽ അതിലും വലിയ അപകടമാണ് കാത്തിരിക്കുന്നത്. വളവ് നിവർക്കാത്തതടക്കം വിവാദങ്ങൾ തീരാത്ത കവലയിൽ വെള്ളക്കെട്ടുണ്ടാകുന്നതിന്റെ കാരണവും നിർമ്മാണത്തിലെ അശാസ്ത്രീയതയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിനേക്കാൾ ഉയർന്നുനിൽക്കുന്ന നടപ്പാതയ്ക്കടിയിലൂടെയാണ് ഓട പോകുന്നത്.വെള്ളം ഓടയിലേക്കൊഴുകിയെത്താൻ ചാലുകളുണ്ടെങ്കിലും വെള്ളക്കെട്ടുണ്ടാകുന്ന താഴ്ന്ന ഭാഗത്ത് വെള്ളം ഒഴുകാൻ വഴിയില്ല.ഇക്കാര്യം നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല.
ഒടുവിൽ നിവർക്കും
അപകടവളവ് നിവർക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന് പരിഹാരമായി.ആവശ്യത്തിന് സ്ഥലം ലഭ്യമായതോടെ വളവ് നിവർക്കാൻ തീരുമാനമായിട്ടുണ്ട്.അതോടൊപ്പെം വെള്ളക്കെട്ടിനും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.