ഭരണങ്ങാനം: ഗ്രാമപഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തും.നവംബർ 3 വരെയാണ് പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയെന്ന് ഉള്ളനാട് ഗവ.മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ.സുസ്മിത ശശിധരൻ അറിയിച്ചു.
ഭരണങ്ങാനം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലിൻസി സണ്ണിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തുടർപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. സുസ്മിത ശശിധരൻ ബോധവത്ക്കരണ ക്ലാസ് നയിച്ചു.
രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ എല്ലാ കന്നുകാലികൾക്കും കുത്തിവയ്പ്പ് നടത്തുന്നത്. കർഷകരുടെ വീടുകൾ നേരിട്ട് സന്ദർശിച്ചാണ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. കുത്തിവയ്പ്പ് നൽകാത്ത കന്നുകാലികൾക്ക് കുളമ്പുരോഗം ബാധിച്ചാൽ സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിക്കുന്നതല്ലെന്ന് മൃഗാശുപത്രി അധികൃതർ അറിയിച്ചു.