kadu

ചങ്ങനാശേരി: നിരത്തിലെ വളവുകളിൽ പടർന്നു പന്തലിച്ച കാട് യാത്രക്കാർക്കാർക്ക് ഭീഷണിയാകുന്നു. ഇത്തിത്താനം കാർഗിൽ ജംഗ്ഷനു സമീപമുള്ള വളവിലാണ് റോഡിലേക്ക് കാട് ഇറങ്ങി വളർന്നു നിൽക്കുന്നത്. കാഴ്ച്ച മറയ്ക്കുന്ന കാട് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എൽ ആകൃതിയിലുള്ള ഈ വളവിൽ കാടു വളർന്ന് ചെറിയ മരങ്ങളായി മാറിയതിനാൽ എതിരെ വരുന്ന വാഹനങ്ങളുടെ ദിശ മറയ്ക്കപ്പെടുന്നു. കാട് റോഡിലേക്കിറങ്ങി നിൽക്കുന്നതുകാരണം പ്രഭാത സവാരിക്കാരും മറ്റ് കാൽനടയാത്രക്കാരും റോഡിന്റെ മദ്ധ്യഭാഗത്തിലൂടെ യാത്ര ചെയ്യേണ്ടിവരുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു. കൂടാതെ രാത്രിയുടെ മറവിൽ ഈ കാട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവാണ്. പ്രദേശത്ത് മാത്രമല്ല, മറ്റ് പല ഗ്രാമീണ റോഡുകളുടെയും പ്രധാന പാതകളുടെയും സ്ഥിതി ഇതു തന്നെയാണ്. കാടുവെട്ടിത്തെളിച്ച് വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇത്തിത്താനം വികസനസമിതിയോഗം ആവശ്യപ്പെട്ടു. പ്രസന്നൻ ഇത്തിത്താനം, ഡോ. റൂബിൾ രാജ്, സ്‌കറിയാ ആന്റണി വലിയപറമ്പിൽ, അമൽ ഐസൺ ജോസഫ് എന്നിവർ പങ്കെടുത്തു.