onion

കോട്ടയം: പാചക വാതക വില വർദ്ധനവിന് പിന്നാലെ അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ച് സവാളയുടെ വിലയും കുതിച്ചുയരുന്നു. ഒന്നരയാഴ്ച്ചകൊണ്ടാണ് വില ഇരട്ടിയിലധികമായത്. കിലോക്ക് 20- 25 രൂപ വിലയുണ്ടായിരുന്ന സവാളയ്ക്ക് ഇപ്പോൾ ഇരട്ടി വിലയാണ്. സംസ്ഥാനത്ത് വിവിധ മാർക്കറ്റുകളിലെ മൊത്ത- ചില്ലറ കേന്ദ്രങ്ങളിൽ വിവിധ വിലയാണ് സവാളയ്ക്ക്.

കോട്ടയം ജില്ലയിൽ സവാളയ്ക്കിപ്പോൾ 43, 44, 48, 50 എന്നിങ്ങനെയാണ് ഹോൾ സെയിൽ വില. അതേസമയം എറണാകുളം, കോഴിക്കോട് ജില്ലകളിൽ 46-48, 38-43 എന്നിങ്ങനെയാണ് വില. മഹാരാഷ്ട്രയിലെ നാസികിൽ നിന്നാണ് പ്രധാനമായും സവാളയും ഉള്ളിയും കേരളത്തിലെത്തുന്നത്. മഹാരാഷ്ട്ര കൂടാതെ, ഗുജറാത്തിൽ നിന്നും ഇവ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിൽ പെയ്യുന്ന മഴയാണ് വില വർദ്ധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

മഹാരാഷ്ട്രയിൽ സവാളയുടെ വില ഒരാഴ്ച്ച മുൻപ് 16 രൂപയായിരുന്നു. ഇപ്പോൾ വില 23 രൂപയാണ്. ഈ വില വർദ്ധനവും ഇവിടെ വില വർദ്ധിക്കുന്നതിന് ഇടയാക്കി. സ്വകാര്യ സ്ഥാപനങ്ങൾ വില വർദ്ധിപ്പിച്ച് വിൽക്കുമ്പോൾ, സർക്കാർ സംരംഭങ്ങളായ ഹോർട്ടികോർപ്പിൽ ഉൾപ്പെടെ സവാളയ്ക്ക് ക്ഷാമം നേരിടുന്ന സ്ഥിതിയാണുള്ളത്.

സവാളയുടെ വിലയിൽ വർദ്ധനവ് നേരിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായത് വീട്ടമ്മമാർ മാത്രമല്ല, ഹോട്ടൽ, തട്ടുകട ജീവനക്കാർ കൂടിയാണ്. വില കൂടിയതോടെ, തട്ടുകടകളിൽ സവാള ഉൽപന്നങ്ങളുടെ നിർമ്മാണം കുറച്ചു. ചെറിയ ഉള്ളിയുടെ വിലയിലും മാറ്റം സംഭവിച്ചിട്ടുണ്ട്. 60 രൂപയാണ് ചെറിയ ഉള്ളിയുടെ ഹോൾസെയിൽ വില. വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. സർക്കാർ സംരഭങ്ങൾ മുഖേന കുറഞ്ഞ വിലയ്ക്ക് സവാള ലഭ്യമാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.