paddy

കോട്ടയം: വിരിപ്പ് നെൽകൃഷി വിളവെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ജില്ലയുടെ പടിഞ്ഞാറൻ മേഖല ആഹ്ളാദത്തിമിർപ്പിൽ. ഇക്കുറി 4653.13 ഹെക്ടർ പാടത്താണ് വിരിപ്പ് കൃഷി വിളവെടുപ്പ് നടക്കുക. ഒക്ടോബർ 11ന് ആരംഭിച്ച് ഡിസംബർ 31ന് അവസാനിക്കും വിധമാണ് വിളവെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ എട്ട് മെതിയന്ത്രങ്ങളാണ് ആവശ്യമുള്ളതെന്നും അത് വിവിധ കൃഷിഓഫീസുകളുടെ പക്കലുണ്ടെന്നും ഇന്നലെ ജില്ലാ കളക്ടർ പി.കെ ജയശ്രീ വിളിച്ചുചേർത്ത യോഗത്തിൽ കൃഷി ഓഫീസർമാർ വ്യക്തമാക്കി. കൊയ്ത്ത് വ്യാപകമാവുന്നതോടെ പ്രതിദിനം 60 കൊയ്ത്ത് മെതിയന്ത്രങ്ങൾ വേണ്ടിവരും. എന്നാൽ സർക്കാർ മേഖലയിൽ 20 കൊയ്ത്ത് യന്ത്രങ്ങൾ മാത്രമേയുള്ളു. ബാക്കി വരുന്നതിന് സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടി വരും. തമിഴ്നാട്ടിൽ നിന്നാണ് കൂടുതലും യന്ത്രങ്ങൾ ഇവിടെ എത്തുന്നത്. എട്ട് ഗ്രാമപഞ്ചായത്ത് മേഖലകളിലായിട്ടാണ് വിരിപ്പ് കൃഷി വിളവെടുപ്പിന് തയാറായിട്ടുള്ളത്. തരക്കേടില്ലാത്ത വിളവാണ് ഇക്കുറി പ്രതീക്ഷിക്കുന്നതെന്ന് പ്രിൻസിപ്പിൽ കൃഷി ഓഫീസർ ബീന ജോ‌‌ർജ് വ്യക്തമാക്കി.

ഗ്രാമ പഞ്ചായത്ത് - കൃഷിയിടം ഹെക്ടറിൽ

ആർപ്പുക്കര- 16,903.75

അയ്മനം - 18,813.66

കുമരകം- 9,428,

നീണ്ടൂർ- 13,992

തിരുവാർപ്പ്-2,184

വെച്ചൂർ-27,131.55

തലയാഴം-14,579.13

കല്ലറ-16,425.93